ഓൺലൈനായും അക്ഷയകേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകൾ വഴിയും അപേക്ഷകൾ തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ ജനുവരി 13 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒമ്പതിന് തിരുവനന്തപുരത്ത് നടക്കും. അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയുടെ ചുമതല കലക്ടർമാർക്ക് നൽകി പൊതുഭരണവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. അദാലത്തിലേക്കുള്ള അപേക്ഷകൾ ഡിസംബർ രണ്ട് മുതൽ സ്വീകരിക്കും. ഓൺലൈനായും അക്ഷയകേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകൾ വഴിയും അപേക്ഷകൾ അയക്കാം. ഓൺലൈനായി അയക്കാൻ കഴിഞ്ഞ വർഷത്തേതിന് സമാനമായി പോർട്ടൽ ഉണ്ടാക്കും.പരാതികൾ പൊതുജനങ്ങളിൽനിന്ന് നേരിട്ട് സ്വീകരിക്കുന്നതിന് താലൂക്കുതല സെല്ലും രൂപീകരിക്കും. ലഭിക്കുന്ന പരാതികൾ പരിശോധിക്കുന്നതിനായി വകുപ്പുതലത്തിൽ ജില്ലാ അദാലത്ത് സെല്ലും പരാതിയിലുള്ള നടപടി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാതല അദാലത്ത് മോണിറ്ററിങ് സെല്ലുകളും പ്രവർത്തിക്കും. അക്ഷയ കേന്ദ്രങ്ങൾ വഴി പരാതി നൽകാൻ നിശ്ചിത സർവീസ് ചാർജ് ഇടാക്കും. അപേക്ഷ സമർപ്പിക്കുമ്പോൾ പരാതിക്കാരുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ജില്ല, താലൂക്ക് എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം. പരാതി നൽകുമ്പോൾ ലഭിക്കുന്ന രസീതും കൈപ്പറ്റണം. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ,- മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു.