അമേരിക്കയ്‌ക്ക് ഇതാദ്യമായി ഭാരത വംശജയായ സെക്കന്‍ഡ് ലേഡി

വാഷിങ്ടണ്‍ : യുഎസ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കമല ഹാരിസിന്റെ വിജയത്തിനായി തമിഴ്‌നാട് തുലസേന്ദ്രപുരം നിവാസികള്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. അതേസമയം ആന്ധ്രാപ്രദേശിലെ വട്‌ലൂര്‍ ഗ്രാമം ആഗ്രഹിച്ചത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തിനായാണ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജെ.ഡി. വാന്‍സിന്റെ വിജയത്തിനായാണിത്. കാരണം അദ്ദേഹത്തിന്റെ ഭാര്യ ഉഷ വാന്‍സിന്റെ പൂര്‍വികരുടെ നാടാണിത്.

വട്‌ലൂരിന്റെ പ്രാര്‍ത്ഥന വെറുതെയായില്ല, 40കാരനായ ജെയിസ് ഡേവിഡ് വാന്‍സ് ഇലക്ട്രല്‍ ഇലക്ടറല്‍ വോട്ടുകള്‍ക്ക് പുറമേ പോപ്പുലര്‍ വോട്ടുകളും നേടിയാണ് വൈസ് പ്രസിഡന്റാവുന്നത്. വിജയത്തിനുശേഷം പാം ബീച്ച് കൗണ്ടി കണ്‍വെന്‍ഷനില്‍ നടത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗത്തിലും ജെ.ഡി. വാന്‍സിനെ കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യ ഉഷ വാന്‍സിനെക്കുറിച്ചും എടുത്ത് പറഞ്ഞിരുന്നു. ഇനി മുതല്‍ യുഎസിന്റെ സെക്കന്‍ഡ് ലേഡിയാണ് ഉഷ. ആദ്യ ഭാരത വംശജയായ അമേരിക്കയുടെ സെക്കന്‍ഡ് ലേഡിയെന്ന ബഹുമതി ഇനി ഉഷയ്‌ക്ക് സ്വന്തം.

ഭാരതത്തില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് ഉഷയുടെ കുടുംബം. ഉഷ ചിലുകുറി എന്നായിരുന്നു വിവാഹത്തിന് മുമ്പ് പേര്. സാന്‍ഫ്രാന്‍സിസ്‌കോയിലായിരുന്നു ബാല്യകാലം. യെയ്ല്‍ സര്‍വകലാശാലയില്‍നിന്ന് ചരിത്ര ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും നേടി. പിന്നീട് നിയമത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ സുപ്രീംകോടതി ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സിന്‍, ബ്രെറ്റ് കവനോവിന്‍ എന്നിവരുടെ ക്ലര്‍ക്കായി പ്രവര്‍ത്തിക്കാന്‍ ഉഷയ്‌ക്കായി.

യെയ്ല്‍ ലോ സ്‌കൂളില്‍വെച്ചാണ് ജെ.ഡി. വാന്‍സും ഉഷയും പരിചയപ്പെടുന്നത്. 2014ല്‍ ഇവര്‍ വിവാഹിതരായി. റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകരില്‍ ജെ.ഡി. വാന്‍സ് മുന്‍പന്തിയില്‍ ആണെങ്കിലും ഉഷ പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നല്കി. ഗ്രാമീണ അമേരിക്കയിലെ സാമൂഹിക സമരങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാന്‍ ജെ.ഡി. വാന്‍സിനെ സഹായിച്ചത് ഉഷയാണ്. ഇതാണ് വാന്‍സിന്റെ ഓര്‍മ്മക്കുറിപ്പായ ഹില്‍ബില്ലി എലിജി എന്ന പുസ്തകത്തിനും അടിത്തയായത്. 2020ല്‍ ഈ പുസ്തകത്തെ ആസ്പദമാക്കി റോണ്‍ ഹോവാര്‍ഡ് ഒരു സിനിമയും ഇറക്കി. ഇരുവര്‍ക്കും ഇവാന്‍, വിവേക്, മിറാബെല്‍ എന്നിങ്ങനെ മൂന്നുമക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!