കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം കെ സാനുവിന്

തിരുവനന്തപുരം> സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് (സയൻസ് ആൻഡ് എൻജിനിയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർക്കാണ് കേരള പ്രഭ പുരസ്‌കാരം. കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു  സാംസൺ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം)എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിന് അർഹരായി.


വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണ് നൽകുന്നത്.
പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് പുരസ്‌കാരം നിർണയിക്കുന്നത്.  ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ബി ഇക്ബാൽ എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ്  സർക്കാരിന് നാമനിർദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!