കൽപറ്റ: വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് നാമനിർദേശിക പത്രിക സമർപ്പിച്ച ശേഷം വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചൂരൽമലയിലെ ഉരുൾ ദുരന്തത്തിൽ മരിച്ചവരുടെ കൂട്ടസംസ്കാരം നടത്തിയ പുത്തുമല സന്ദർശിച്ചു. ശവകുടീരത്തിൽ പുഷ്‌പാർച്ചന നടത്തി പ്രാർഥിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. റോബർട്ട് വാദ്ര, ടി. സിദ്ദീഖ് എം.എൽ.എ ഉൾപ്പെടെയുള്ളവർ പ്രിയങ്കയെ അനുഗമിച്ചു.ദുരന്തത്തിൽ മരിച്ച, ഇനിയും തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്തിരിക്കുന്നത് പുത്തുമലയിലെ പൊതുശ്മശാനത്തിലാണ്. ദുരന്തത്തിൽ മരിച്ചവരുടെയും ലഭിച്ച മൃതദേഹങ്ങളുടെയും കണക്കുകൾ അടക്കമുള്ള വിവരങ്ങൾ ടി. സിദ്ദീഖ് പ്രിയങ്കയെ ധരിപ്പിച്ചു. നേരത്തെ ഉരുൾപൊട്ടലുണ്ടായപ്പോഴും പ്രിയങ്ക ദുരന്ത ഭൂമിയിൽ എത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും പത്രികാ സമർപ്പണത്തിനു ശേഷം മടങ്ങി.