ജലജീവൻ മിഷൻ: അറ്റകുറ്റപണി മുടങ്ങിക്കിടക്കുന്ന റോഡുകൾ മൂന്നുമാസത്തിനകം പൂർവസ്ഥിതിയിലാക്കണം: ജില്ലാ കളക്ടർ

കോട്ടയം: ജലജീവൻ മിഷൻ പദ്ധതിക്കായി കുഴിച്ച റോഡുകളിൽ അറ്റകുറ്റപ്പണി
മുടങ്ങിക്കിടക്കുന്നവയുടെ കാര്യത്തിൽ മൂന്നുമാസത്തിനകം പണികൾ പൂർത്തിയാക്കി
പൂർവസ്ഥിതിയിലാക്കണമെന്നു ജില്ലാ ജല ശുചിത്വമിഷൻ ചെയർമാൻ കൂടിയായ ജില്ലാ
കളക്ടർ ജോൺ വി. സാമുവൽ. ജില്ലാ ജല ശുചിത്വമിഷൻ യോഗത്തിലാണ് ജില്ലാ കളക്ടർ
നിർദേശം മുന്നോട്ടുവച്ചത്. ജലജീവൻ പദ്ധതിയ്ക്കായി പൊളിച്ച റോഡുകൾ പുന:
സ്ഥാപിക്കുന്നതിൽ പഴയ കേസുകൾ എത്രയെണ്ണം ബാക്കിയുണ്ടെന്ന് ജല അതോറിട്ടിയും
പൊതുമരാമത്ത് വകുപ്പും സംയുക്ത പരിശോധന നടത്തി ഒരുമാസത്തിനുള്ളിൽ
റിപ്പോർട്ട് സമർപ്പിക്കണം. മൂന്നുമാസത്തിനുള്ളിൽ റോഡുകൾ പൂർവ
സ്ഥിതിയിലാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.  ജലജീവൻ മിഷൻ പദ്ധതിയുടെ നടത്തിപ്പിൽ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കുന്നതിനുവേണ്ടി ജില്ലാ ജല ശുചിത്വമിഷൻ(ഡി.ഡബ്ല്യൂ.എസ്.എം.)
കമ്മിറ്റിയിൽ പൊതുമരാമത്ത്് വകുപ്പ് റോഡ്‌സ് ആൻഡ് മെയിന്റനൻസ്
എക്‌സിക്യൂട്ടീവ് എൻജിനീയറെ ഉൾപ്പെടുത്തുന്നതിനു യോഗത്തിൽ തീരുമാനമായി.
നിലവിൽ 14 അംഗങ്ങൾ അടങ്ങുന്നതാണ് കമ്മിറ്റി.  മണർകാട്, വെച്ചൂർ
ഗ്രാമപഞ്ചായത്തുകളെയും, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയറെയും, നഗരസഭ
ഹെൽത്ത് ഇൻസ്‌പെക്ടറെയും കമ്മിറ്റിയിൽ ഉൾപ്പെടുത്താനും യോഗം തീരുമാനിച്ചു.ജലജീവൻ
മിഷൻ പ്രവർത്തനങ്ങളെ സഹായിക്കാൻ പ്രോജ്ക്ട് മാനേജർ(ടെക്‌നിക്കൽ),
പ്രോജക്ട് എൻജിനീയർഎന്നിവരുൾപ്പെടെ നാലുപേരെ നിയമിക്കും.  ജല അതോറിട്ടി
കടുത്തുരുത്തി ഡിവിഷനു കീഴിൽ കടുത്തുരുത്തി പഞ്ചായത്തിൽ അറുനൂറ്റിമംഗലത്ത്
എഴുലക്ഷം ലിറ്റർ ഉന്നത ജല സംഭരണി നിർമിക്കുന്നതിന് സൗജന്യമായി സ്ഥലം
വിട്ടുതരാമെന്നു സമ്മതിച്ച അലക്‌സാണ്ടർ ചാക്കോ എന്ന വ്യക്തിയിൽ സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.യോഗത്തിൽ ഡി.ഡബ്ല്യൂ.എസ്.എം. മെമ്പർ സെക്രട്ടറിയും കോട്ടയം പിഎച്ച്. ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുമായ കെ.എസ്. അനിരാജ് , വാട്ടർ അതോറിട്ടി കോട്ടയം പ്രോജക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ദിലീപ് ഗോപാൽ, പൊതുമരാമത്ത്് വകുപ്പ് റോഡ്‌സ് ആൻഡ് മെയിന്റനൻസ് എക്‌സിക്യൂട്ടീവ് എൻജിനീയർ അനിതാ മാത്യൂ, പൊതുമരാമത്ത്് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, കഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.പി. ശോഭ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!