തൃശൂര്‍ : കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്ന സസ്യമായ മുളകള്ക്കുമുണ്ടൊരു ദിനം. വേള്‍ഡ് ബാംബൂ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 18നാണ് ലോക മുളദിനമായി ആചരിക്കുന്നത്. മുളദിനം ആചരിക്കാന്‍ തൃശൂര്‍ പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രവും (കെ.എഫ്.ആര്.ഐ) ഒരുങ്ങിക്കഴിഞ്ഞു.
മുളയുടെ പാരിസ്ഥിതിക പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കൽ ലക്ഷ്യമിട്ടാണ് ലോക മുളദിനാചരണം. പുല്ല് വംശത്തിലെ ഏറ്റവും വലിയ ചെടിയായ മുള അന്റാര്‍ട്ടിക്ക ഒഴികെ ലോകത്ത് മറ്റെല്ലായിടത്തും വളരും. നദീതട സംരക്ഷണത്തിന് പ്രയോജനകരമായ മുള നെയ്ത്തുസാമഗ്രികള് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണത്തിന് ഉപയോഗിക്കപ്പെടുന്നു. ലോകത്ത് ആയിരത്തിലധികം ഇനം മുളകളാണുള്ളത്. ഇന്ത്യയില്‍ നൂറിലധികം ഇനങ്ങൾ കാണപ്പെടുന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്ത് ഓക്സിജന്‍ പുറത്തുവിടുന്ന മുളകള്‍ അന്തരീക്ഷത്തെ ശുദ്ധീകരിക്കാനും സഹായിക്കും. തോട്ടിമുള, എറങ്കോല് മുള, ബാല്കോവ മുള, മുള്ള് മുള തുടങ്ങിയവയാണ് വിവിധ ഇനം മുളകള്‍. കടലാസ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തുവാണ് മുള. ജപ്പാന്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ മുളയുടെ തളിര് ഭക്ഷണമായി ഉപയോഗിക്കുന്നു. മഞ്ഞ, വയലറ്റ് തുടങ്ങി വ്യത്യസ്ത നിറങ്ങളിലുള്ള മുള വൈവിധ്യമാര്‍ന്ന രൂപത്തിൽ വളരും. ഇത്തരത്തിലൊന്നാണ് മറ്റു ചെടികളിലും പ്രതലങ്ങളിലും പറ്റിപ്പിടിച്ച് വളരുന്ന ക്ലൈമ്പിങ് ബാംബൂ എന്നറിയപ്പെടുന്ന മുള.