കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്‍റ്

ബെംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ
പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂളയെ
തിരഞ്ഞെടുത്തു. ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ
നടന്നുകൊണ്ടിരിക്കുന്ന സിബിസിഐയുടെ പൊതുസമ്മേളനത്തിനിടെ നടന്ന
തെരഞ്ഞെടുപ്പിലാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ പിൻഗാമിയായി
കർദ്ദിനാൾ ആന്റണി പൂളയെ തെരഞ്ഞെടുത്തത്.
വിശ്വാസം, ദൗത്യം, സാമൂഹിക ഉത്തരവാദിത്തം, സമകാലിക ഇന്ത്യയിൽ
സഭയുടെ പങ്ക് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ചർച്ച
ചെയ്യുന്നതിനായാണ് രാജ്യമെമ്പാടുമുള്ള ബിഷപ്പുമാര്‍ ഒന്നിച്ച് കൂടിയത്.
പുതിയ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് കൂട്ടായ്മയുടെ അജണ്ടകളില്‍
പ്രധാനപ്പെട്ടതായിരിന്നു. ഭരണഘടനാ മൂല്യങ്ങൾ, ഇന്ത്യയിലെ
സഭകൾക്കിടയിലുള്ള ഐക്യം എന്നിവ സംരക്ഷിക്കുവാന്‍ സിബിസിഐ പ്രസിഡന്റായി
കാലാവധി പൂർത്തിയാക്കിയ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തു നടത്തിയ ശ്രമങ്ങളെ
മെത്രാന്മാര്‍ നന്ദിയോടെ അനുസ്മരിച്ചു. ഇന്നു മറ്റ് പ്രതിനിധികളെയും
തെരഞ്ഞെടുക്കും.
ഭാരതത്തില്‍ ദളിത് വിഭാഗത്തിൽ നിന്നാദ്യമായി കർദ്ദിനാളുമാരുടെ
നിരയിലേക്ക് ഉയര്‍ത്തപ്പെട്ട വ്യക്തിയാണ് കർദ്ദിനാൾ ആന്റണി പൂള.
ആന്ധ്രപ്രദേശിലെ കുർണൂൽ രൂപതയിൽ ജനിച്ച ആന്റണി പൂള പന്ത്രണ്ട് വർഷത്തോളമാണ്
രൂപതയെ നയിച്ചത്. ഇതിനുശേഷമാണ് ഹൈദരാബാദ് അതിരൂപതയെ നയിക്കാൻ 2021-ല്‍
ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുക്കുന്നത്. 2022-ൽ ഫ്രാൻസിസ് മാർപാപ്പയാണ്
അദ്ദേഹത്തെ കർദിനാളായി ഉയർത്തിയത്. പിന്നാക്കം നിൽക്കുന്നവരുടെ
ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും സാമൂഹിക വളര്‍ച്ചയ്ക്കും വേണ്ടിയുള്ള
പ്രവർത്തനങ്ങൾക്ക് ചുക്കാന്‍ പിടിക്കുന്ന വ്യക്തി കൂടിയാണ് കർദ്ദിനാൾ
ആന്റണി പൂള.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!