എരുമേലി : ചേനപ്പാടി- എരുമേലി പിഡബ്ല്യുഡി റോഡിന്റെ അവസാന റീച്ചായ കാരിത്തോട് മുതൽ എരുമേലി വരെയുള്ള ഭാഗം തകർന്ന് വാഹന യാത്ര വളരെ ദുഷ്കരമായിരുന്നു. ഈ ഭാഗം ഒന്നേകാൽ കോടി രൂപ അനുവദിച്ച് പുനരുദ്ധാരണം നടത്തുന്നത് അന്തിമഘട്ടത്തിലേക്ക് എത്തുന്നു. തകർന്ന ഭാഗങ്ങൾ സ്ക്യാരിഫൈ ചെയ്ത് സോളിങ് നടത്തി റീ ടാറിങ്ങിന് സജ്ജമായിട്ടുണ്ട്. പുനരുദ്ധാരണ പ്രവർത്തികൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്യോഗസ്ഥരോടൊപ്പം എത്തി വിലയിരുത്തി. ഇനി ടാറിങ് പ്രവർത്തികൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ പ്രവർത്തി മൂന്നുദിവസം കൊണ്ട് പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥരും കരാറുകാരനും എംഎൽഎയെ അറിയിച്ചു. ഇതോടുകൂടി പഴയിടം മുതൽ എരുമേലി വരെയുള്ള 9 കിലോമീറ്റർ ദൂരം മൂന്നു ഘട്ടമായി പൂർണ്ണമായും റീ ടാറിങ് പൂർത്തീകരിക്കപ്പെടുകയാണ്. ചങ്ങനാശ്ശേരി, കറുകച്ചാൽ, മണിമല തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും എരുമേലിയിലേക്ക് എത്തുന്ന ശബരിമല തീർത്ഥാടകർ ഉൾപ്പടെ എല്ലാ യാത്രക്കാർക്കും ഏറ്റവും എളുപ്പവഴിയാണ് ഈ റോഡ്. നാളുകളായി ഈ റോഡ് തകർന്നു കിടന്നിരുന്നതിനാൽ യാത്രക്കാർ ഏറെ ദുരിതത്തിലായിരുന്നു. ശബരിമല തീർത്ഥാടന കാലത്ത് യാത്രാക്കുരുക്കിനും ഈ റോഡിന്റെ ശോച്യാവസ്ഥ മൂലം ഇടയായിരുന്നു. ചേനപ്പാടി- എരുമേലി റോഡ് കൂടി പൂർത്തീകരിക്കുന്നതോടുകൂടി എരുമേലി സെക്ഷന് കീഴിലുള്ള മുഴുവൻ പിഡബ്ല്യുഡി റോഡുകളുടെയും പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തീകരിക്കപ്പെടുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.
