കാഞ്ഞിരപ്പള്ളി: കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്ന ഒരു സംഘടന ഇന്‍ഫാം അല്ലാതെ വേറെയില്ലെന്ന് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്. ഇന്‍ഫാം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന ലീഡേഴ്‌സ് മീറ്റ് – കനവും നിനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ ചേര്‍ത്ത് നിര്‍ത്തുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. ആ ദൗത്യമാണ് ഇന്‍ഫാം നിര്‍വഹിക്കുന്നത്. കമ്പോള സാഹചര്യങ്ങള്‍ അറിഞ്ഞ് കൃഷിയെ ആധുനികവല്‍ക്കരിക്കുകയും ലാഭവിഹിതം ലഭിക്കുവാന്‍ കര്‍ഷകര്‍ക്ക് കഴിയുന്ന രീതിയിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ഡോ. എന്‍. ജയരാജ് കൂട്ടിച്ചേര്‍ത്തു
കര്‍ഷകരെ പലതരത്തിലും തമസ്‌കരിക്കുന്ന ഭരണസംവിധാനങ്ങള്‍ ഉള്ള സാഹചര്യത്തില്‍ കര്‍ഷകര്‍ ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. ഇനിയും വനവിസ്തൃതി വര്‍ധിപ്പിക്കുവാന്‍ ഭരണ സംവിധാനങ്ങള്‍ ഒരുങ്ങുന്നത് വേദനാജനകമാണ്. നാടിനെ അന്നമൂട്ടിയ കര്‍ഷകരെ കുടിയിറക്കുന്നത് സമകാലിക ചരിത്രത്തിന്റെ കറുത്ത അധ്യായമായി മാറുന്നു. കര്‍ഷകന്റെ സുരക്ഷയും ചേര്‍ത്തുപിടിക്കുന്നതും ആണ് ഇന്‍ഫാമിന്റെ രാഷ്ട്രീയം. കര്‍ഷകരെ ആര് സംരക്ഷിക്കുന്നോ അവരോടൊപ്പം നില്‍ക്കേണ്ടിവരും. ഇന്‍ഫാം ഒരു വോട്ട് ബാങ്ക് ആയി മാറും എന്നതില്‍ സംശയമില്ല. ഉപാധിരഹിത പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വന്യമൃഗ ശല്യം, വിലത്തകര്‍ച്ച, റബ്ബര്‍ വില സ്ഥിരത എന്നിവയിലും നടപടികള്‍ വേണമെന്ന് മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ പക്ഷത്തിനൊപ്പം നില്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തയാറാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ തലശേരി ആര്‍ച്ച് ബിഷപ്പും ഇന്‍ഫാം തലശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ഞങ്ങളുടെ വോട്ട് ഫിക്‌സഡ് ബാങ്ക് ആണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ല. ജയിലില്‍ 650 രൂപ കൂലിയുണ്ട്. അതിന്റെ പകുതി പോലും ഉപജീവനത്തിനായി ലഭിക്കാത്ത കര്‍ഷകര്‍ കൃഷി നിര്‍ത്തി ജയിലിലേക്ക് പോകാന്‍ പ്രലോഭിക്കപ്പെടുകയാണ്. രാപകലില്ലാതെ കഷ്ട്ടപ്പെടുന്ന കര്‍ഷകന്‍ ഇവിടെ എങ്ങനെ ജീവിക്കുവെന്ന് ആര്‍ക്കും അറിയണ്ട. കര്‍ഷകരുടെ കടങ്ങളുടെ പലിശയിളവിനെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചിന്തിക്കുന്നില്ല. കടബാധ്യതകൊണ്ട് നടുവൊടിയുന്ന കര്‍ഷകന് സഹായഹസ്തം നീട്ടേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. നമ്മള്‍ പറഞ്ഞ പല കാര്യങ്ങളും കേരള സര്‍ക്കാര്‍ പാസാക്കിയ വന്യജീവിസംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുത്തി എന്നുള്ളതില്‍ സന്തോഷവും നന്ദിയുമുണ്ട്. റിസര്‍വ് ഭൂമി കണ്ടിട്ടില്ലാത്ത പന്നികളെ കാട്ടുപന്നി എന്ന് വിളിക്കാന്‍ കഴിയില്ല. കര്‍ഷകന്റെ ഭൂമിയിലെ പന്നികള്‍ കര്‍ഷകന്റേതാണ്. ജനസംഖ്യ നിയന്ത്രിക്കാന്‍ വിവിധ പദ്ധതികള്‍ ഉണ്ട്. എന്നാല്‍ വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാന്‍ നടപടിയില്ല. കള്ളിങ് നടപടികള്‍ കേരളത്തിലും വേണം. റബറിന്റെ താങ്ങുവില കര്‍ഷകര്‍ക്കുള്ള താങ്ങ് മാത്രമാണ്. 300 രൂപയെങ്കിലും ലഭിച്ചില്ലെങ്കില്‍ റബര്‍ കര്‍ഷകര്‍ കൃഷി നിര്‍ത്തേണ്ടി വരുമെന്നും മാര്‍ ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
കര്‍ഷകന്റെ കനവുകള്‍ക്ക് നിറം പകരുക എന്നത് ഇന്‍ഫാം എന്ന സംഘടനയുടെ ലക്ഷ്യമാണെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. അതിന് നിറം പകരണമെങ്കില്‍ കര്‍ഷകരെക്കുറിച്ചുള്ള ശക്തമായ നിനവുകള്‍ നേതൃത്വം നല്‍കുന്ന നേതാക്കള്‍ക്കുണ്ടാകണം. അത് ഒന്നോ രണ്ടോ നേതാക്കള്‍ക്കുണ്ടായാല്‍ പോരെന്നും ദേശീയ തലം മുതല്‍ താഴെ യൂണിറ്റു തലം വരെയുള്ള നേതാക്കള്‍ക്ക് ഓര്‍മയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, കത്തീഡ്രല്‍ വികാരി ഫാ. കുര്യന്‍ താമരശേരി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍, ഇന്‍ഫാം കേരള നോര്‍ത്തേണ്‍ റീജിയന്‍ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, ഇന്‍ഫാം സംസ്ഥാന ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍, ഇന്‍ഫാം മഹിളാസമാജ് സെക്രട്ടറി പ്രഫ. സാലിക്കുട്ടി തോമസ് വൈക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്‍ഫാമിന്റെ ദേശീയ, സംസ്ഥാന, കാര്‍ഷികജില്ല, കാര്‍ഷിക താലൂക്ക്, കാര്‍ഷിക ഗ്രാമം, കാര്‍ഷിക യൂണിറ്റ്, മഹിളാസമാജ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ ലീഡേഴ്‌സ് മീറ്റില്‍ പങ്കെടുത്തു.
ഫോട്ടോ….
ഇന്‍ഫാം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ലീഡേഴ്‌സ് മീറ്റ് – കനവും നിനവും ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു. ജോസ് ഇടപ്പാട്ട്, സനല്‍കുമാര്‍ എന്‍.എസ്., മാത്യു മാമ്പറമ്പില്‍, അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, തോമസ് തുപ്പലഞ്ഞിയില്‍, പി.എ. ഷെമീര്‍, റവ.ഡോ. കുര്യന്‍ താമരശേരി, ഫാ. ജോസ് പെണ്ണാപറമ്പില്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോസഫ് പാംപ്ലാനി, ജോയി തെങ്ങുംകുടി, ഫാ. തോമസ് മറ്റമുണ്ടയില്‍ എന്നിവര്‍ സമീപം.
