പത്തനംതിട്ട: ശബരിമല സ്വർണകൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് ശബരിമല സന്നിധാനത്ത് പരിശോധന നടത്തും. ഉണ്ണികൃഷ്ണൻ പോറ്റി പുതിയ വാതിൽ
സ്പോണ്‍സര്‍ ചെയ്തപ്പോൾ പഴയ വാതിൽ സ്ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നു. ഈ
വാതിലിന്‍റെ അളവെടുക്കാനും സാമ്പിൾ ശേഖരണത്തിനുമാണ് പരിശോധന. അതോടൊപ്പം പഴയ കൊടിമരത്തിലുണ്ടായിരുന്ന ദ്വാരപാലക ശിൽപ്പങ്ങൾ സ്ട്രോങ്
റൂമിലുണ്ടോയെന്നും പരിശോധന നടത്തും. ദ്വാരപാലക ശിൽപ്പങ്ങൾ എവിടെയെന്ന
കാര്യത്തിൽ ദുരൂഹത തുടരുകയാണ്. കൊടിമരം മാറ്റം കൂടി അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് പരിശോധന.
എസ്ഐടി സംഘത്തോടൊപ്പം ഫൊറൻസിക് വിദഗ്ദരുമുണ്ട്. പരിശോധന നടത്തുന്നതിനായി സംഘം ഇന്നലെ രാത്രി ശബരിമലയിലെത്തി.
ദ്വാരപലക-കട്ടിളപാളികളിൽ നിന്നും സംഘം കൂടുതൽ സാമ്പിളുകൾ ഇന്ന്
ശേഖരിക്കില്ല. വി.എസ്.എസ്.സിയിലെ വിദഗ്ദരുമായുള്ള ചർച്ചക്കുശേഷമായിരിക്കും
കൂടുതൽ പരിശോധനകൾ ആവശ്യമെങ്കിൽ അതിലേക്ക് കടക്കുക. എസ്പി ശശിധരന്‍റെ
നേതൃത്വത്തിലാകും പരിശോധന.ശബരിമലയിലെ സ്വർണ്ണപ്പാളികൾ മാറ്റിയെന്ന
സംശയമാണ് ഇന്നലെ ഹൈക്കോടതി ഉന്നയിച്ചത്. വിഎസ്എസ്‍സിയിൽ നടത്തിയ ശാസ്ത്രീയ
പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിഗമനം. പോറ്റിയും
സംഘവും സ്വർണംപൂശി തിരിച്ചെത്തിച്ച പാളികൾ യഥാർത്ഥ പാളികളല്ല എന്ന സംശയം
ബലപ്പെടുകയാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ശാസ്ത്രീയ പരിശോധന
റിപ്പോർട്ടിലെ കാര്യങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാക്കാൻ വിഎസ്‍എസ്‍സി
ഉദ്യോഗസ്ഥരുടെ മൊഴി വീണ്ടുമെടുക്കാൻ എസ്ഐടിക്ക് കോടതി നിര്‍ദേശം
നൽകിയിരുന്നു. ആവശ്യമെങ്കിൽ പുറമെ നിന്നുള്ള വിദഗ്ധരുടെ സേവനവും
ഉപയോഗിക്കാമെന്നും ആസൂത്രിതവും സംഘടിതവുമായ ഇടപെടൽ നടന്നതിന്‍റെ സൂചനയാണ്
ലഭിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. യുഡിഎഫ് ഭരണസമിതിയുടെ
കാലത്തെ കൊടിമര നിർമ്മാണവും വാചിവാഹന കൈമാറ്റവും എസ്.ഐടി കോടതിയെ
അറിയിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ച കോടതി വിശദമായ അന്വേഷണത്തിന്
നിര്‍ദേശിക്കുകയായിരുന്നു
