മകരവിളക്ക് മഹോത്സവം: ഒരുക്കങ്ങള്‍ വിലയിരുത്തി

ജനുവരി 14ന് ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ശബരിമല എ.ഡി.എം അരുണ്‍ എസ്. നായരുടെ അധ്യക്ഷതയില്‍ സന്നിധാനം ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. മകരവിളക്ക് ദര്‍ശനത്തിന് എത്തിച്ചേരുന്ന ഭക്തരുടെ സുരക്ഷയ്ക്കുള്ള ബാരിക്കേഡുകള്‍ ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മകരവിളക്ക് ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 13ന് 35,000 പേരെ വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേരെ സ്‌പോട്ട് ബുക്കിംഗ് വഴിയും സന്നിധാനത്തേക്ക് കടത്തി വിടാനാണ് കോടതി ഉത്തരവ്. മകരവിളക്ക് ദിവസം 30,000 പേരെ വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേരെ സ്‌പോട്ട് ബുക്കിംഗ് വഴിയും കടത്തി വിടും. അതിന് ശേഷമുള്ള ജനുവരി 15 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ വഴി 50,000 പേരെയും 5,000 പേരെ സ്‌പോട്ട് ബുക്കിംഗ് ആയും നിജപ്പെടുത്തിയിട്ടുണ്ട്. 19ന് വെര്‍ച്വല്‍ ക്യൂ വഴി 30,000 പേരെയും പേരെ സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും കടത്തി വിടും. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായും കോടതിവിധിയുടെ പശ്ചാത്തലത്തിലും നിയന്ത്രണങ്ങള്‍ ഭക്തര്‍ കൃത്യമായി പാലിക്കണമെന്ന് എ.ഡി. എം പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള വിവിധ വകുപ്പുകളുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.ഡി.എം.ജനുവരി 12നാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് ആരംഭിക്കുന്നത്. 14 ന് സന്നിധാനത്ത് എത്തിച്ചേരും. അന്നേദിവസം രാവിലെ 10 മുതല്‍ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് ഭക്തരെ കടത്തിവിടില്ല. പമ്പയില്‍ നിന്നും സന്നിധാനത്തേയ്ക്ക് രാവിലെ 11 മുതല്‍ ഭക്തരെ കടത്തിവിടില്ല. ഘോഷയാത്ര സമാപിച്ചതിന് ശേഷം മാത്രമേ ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ.ഹില്‍ടോപ്പില്‍ 12ന് രാവിലെ 8 മണി മുതല്‍ 15 ന് ഉച്ചയ്ക്ക് 12 മണി വരെ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് നിരോധിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായുള്ള വാഹനങ്ങള്‍ക്കും മാത്രമേ പാര്‍ക്കിംഗിന് അനുമതിയുള്ളൂ. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം. 13ന് വൈകുന്നേരം 6 മണിക്ക് ശേഷം കാനനപാതയില്‍ എരുമേലിയില്‍ നിന്നും ഭക്തരെ കടത്തിവിടില്ല. അഴുതക്കടവ് വഴി 14ന് രാവിലെ എട്ടു മണിക്ക് ശേഷവും ഭക്തര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. മുക്കുഴിയില്‍ നിന്ന് 14ന് രാവിലെ പത്ത് മണിക്ക് ശേഷം ഭക്തരെ കടത്തിവിടില്ല. പുല്ലുമേടും ഇതേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 14ന് വൈകുന്നേരം 4 മണിക്ക് ശേഷം പുല്ലുമേട് നിന്നും ഭക്തരെ കടത്തിവിടില്ല. അവര്‍ക്ക് പുല്ലുമേടില്‍ നിന്ന് മകരവിളക്ക് ദര്‍ശിക്കാനുള്ള സൗകര്യമുണ്ട്. ജ്യോതി ദര്‍ശനത്തിന് ശേഷം കാനനപാത വഴി സന്നിധാനത്തേക്ക് വരാന്‍ അനുവദിക്കില്ല. അവിടെ നിന്ന് തിരിച്ച് സത്രം വഴിയോ വള്ളക്കടവ് വഴിയോ എത്തിയ ശേഷം സന്നിധാനത്തെത്താം. ആചാരപരമായ പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡ് പൂര്‍ത്തിയാക്കി വരുന്നു. ഭക്തര്‍ക്ക് ലഘുഭക്ഷണവും കുടിവെള്ളവും നല്‍കാനുള്ള ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കും. പോലീസ് തിരക്ക് നിയന്ത്രിക്കുന്നതിന് വിശദമായ ക്രൗഡ് മാനേജ്‌മെന്റ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഭക്തര്‍ക്ക് സുഗമമായ മകരവിളക്ക് ദര്‍ശനം നടത്തി സുരക്ഷിതമായി മടങ്ങാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കൂടാതെ കേന്ദ്രസേന ആര്‍.എ.എഫ്, എന്‍.ഡി.ആര്‍. എഫ് സംഘവും സഹായത്തിനുണ്ടാകും. ഭക്തരെ വിവിധ സ്ഥലത്തേക്ക് തിരകെ എത്തിക്കുന്നതിന് പമ്പയില്‍ നിന്നും ചെയിന്‍ സര്‍വീസും ദീര്‍ഘദൂര സര്‍വീസും ഉള്‍പ്പടെ ആയിരത്തോളം കെ. എസ്. ആര്‍.ടി ബസുകള്‍ സര്‍വീസ് നടത്തും. മകരജ്യോതി ദര്‍ശനത്തിന് നിരവധി ഭക്തര്‍ തമ്പടിക്കാറുണ്ട്. വനപ്രദേശത്ത് കുടിലുകള്‍ കെട്ടുന്നതും അനധികൃതമായി പാചകം ചെയ്യുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പോലീസ്, വനംവകുപ്പ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ സംഘങ്ങള്‍ സംയുക്തമായി പരിശോധന നടത്തും. മകരജ്യോതി ദര്‍ശനത്തിനുള്ള വ്യൂ പോയിന്റുകളില്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. എല്ലാ കേന്ദ്രങ്ങളിലും വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കേന്ദ്രങ്ങളിലും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നു. ഈ കേന്ദ്രങ്ങളിലെല്ലാം മെഡിക്കല്‍, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ആശുപത്രി, കോന്നി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അടിയന്തിര സേവനങ്ങള്‍ക്കായി സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ സേവനവും അധികമായി സന്നിധാനത്തും പമ്പയിലും നിലയ്ക്കലും മറ്റ് വ്യൂ പോയിന്റുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് സജ്ജീകരണങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കി വരുന്നു. എല്ലാ വകുപ്പുകളുടെയും ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഭക്തര്‍ വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എ.ഡി.എം പറഞ്ഞു. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ സുജിത്ത് ദാസ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ജോസഫ് സ്റ്റീഫന്‍ റോബിന്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി ബിജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!