തന്ത്രി കണ്ഠരര് രാജീവരരെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര്
രാജീവരരുടെ റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്ത്രി
ആചാരലംഘനത്തിന് കൂട്ടുനിന്നതായി റിപ്പോർട്ടിൽ പറയുന്നു. ഉണ്ണിക്കൃഷ്ണൻ
പോറ്റിയുമായി തന്ത്രിക്ക് നേരത്തെതന്നെ ബന്ധമുണ്ടായിരുന്നതായും ആ ബന്ധം
ഉപയോഗിച്ചാണ് സ്വർണപ്പാളികൾ കൊണ്ടുപോകാൻ തന്ത്രി അനുമതി നൽകിയതെന്നും
എസ്.ഐ.ടി വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അറസ്റ്റ് ചെയ്ത
തന്ത്രി കണ്ഠരര് രാജീവരരെ കൊല്ലം വിജിലൻസ് മജിസ്ട്രേറ്റിന്റെ കോടതിയിൽ
ഹാജരാക്കി റിമാൻഡ് ചെയ്തു. രാജീവരരെ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്ക്
മാറ്റും. പോറ്റിക്ക് കട്ടിളപ്പാളികൾ കൊണ്ടുപോകാനായി തന്ത്രി ഒത്താശ ചെയ്തു. താന്ത്രിക വിദ്യകൾ പാലിക്കാതെയാണ് കട്ടിളപ്പാളികൾ കൈമാറിയത്. ദേവന്റെ
അനുജ്ഞ വാങ്ങാതെയാണ് കട്ടിളപ്പാളികൾ കൈമാറിയതെന്നും റിപ്പോർട്ടിലുണ്ട്.
ദേവസ്വം ബോർഡ് സ്വർണപ്പാളികൾ കൈമാറിയപ്പോൾ തന്ത്രി അത് തടയാൻ തയ്യാറായില്ല.
പകരം പാളികൾ കൊണ്ടുപോകാൻ കുറ്റകരമായ മൗനാനുവാദം നൽകിയെന്നും എസ്.ഐ.ടി
പറയുന്നു. അതേസമയം സാമ്പത്തിക ഇടപാടുകളെ കുറിച്ച് റിപ്പോർട്ടിൽ
പരാമർശമില്ല.
ശബരിമല സ്വർണക്കൊള്ള കേസിൽ 13ാം പ്രതിയാണ് തന്ത്രി കണ്ഠരര് രാജീവരര്.
വെള്ളിയാഴ്ച പുലർച്ചെയാണ് എസ്.ഐ.ടി തന്ത്രിയെ ചോദ്യം ചെയ്യാനായി
വിളിപ്പിച്ചത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം
ഉച്ചകഴിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം താൻ ഒരു തെറ്റും
ചെയ്തിട്ടില്ലെന്നാണ് തന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം ജനറൽ
ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ ആയിരുന്നു തന്ത്രിയുടെ
പ്രതികരണം. കുടുക്കിയതാണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതേ
എന്ന് തലകുലുക്കി സമ്മതിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് അദ്ദേഹം
എസ്‌ഐടിയുടെ വാഹനത്തിൽ കയറി പോകുകയായിരുന്നു.

4 thoughts on “തന്ത്രി കണ്ഠരര് രാജീവരരെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!