“ഉത്തരവാദിത്വമുള്ള പത്രപ്രവർത്തനമാണ് ഊർജസ്വലമായ ജനാധിപത്യത്തിന്റെ നട്ടെല്ല്” – ഡോ. എൽ മുരുകൻ

“മാധ്യമങ്ങളെ സംബന്ധിച്ച് ഡിജിറ്റൽ പരിവർത്തനം ഇനി പലവഴികളിൽ ഒന്നല്ല; മറിച്ച്, ഏവരെയും ഉൾക്കൊള്ളുന്നതിനും പ്രസക്തി നിലനിർത്തുന്നതിനും അനിവാര്യമായ ഒന്നാണ്” – കേന്ദ്രസഹമന്ത്രി“ഡിജിറ്റൽ യുഗത്തിൽ നൈതിക പത്രപ്രവർത്തനവും ധാർമിക ഉള്ളടക്കസൃഷ്ടിയും ധാർമിക ഉത്തരവാദിത്വങ്ങളാണ്”: ഡോ. എൽ മുരുകൻ കേരളകൗമുദി കോട്ടയം എഡിഷന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം കേന്ദ്രസഹമന്ത്രി ഡോ. എൽ മുരുകൻ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം : 06 ജനുവരി 2026

കേരളകൗമുദി കോട്ടയം എഡിഷന്റെ ഒരുവർഷം നീണ്ട രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തിൽ കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ, പാർലമെന്ററികാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ പങ്കെടുത്തു.ചടങ്ങിൽ സംസാരിക്കവേ, കോട്ടയം എഡിഷൻ 25 വർഷം പൂർത്തിയാക്കിയതിൽ കേരളകൗമുദിയെ മന്ത്രി അഭിനന്ദിച്ചു. 1911-ൽ ആരംഭിച്ചതുമുതൽ മലയാള പത്രപ്രവർത്തനത്തിനു കേരളകൗമുദി നൽകുന്ന സുപ്രധാന സംഭാവനകൾ അദ്ദേഹം അനുസ്മരിച്ചു. വിശ്വസനീയവും ജനകേന്ദ്രീകൃതവുമായ റിപ്പോർട്ടിങ്ങിലൂടെ പൊതുചർച്ചകൾക്കു രൂപംനൽകുന്നതിൽ കേരളകൗമുദി വലിയ പങ്കുവഹിച്ചെന്നും, പ്രാദേശിക വിഷയങ്ങളെ ദേശീയ കാഴ്ചപ്പാടുകളുമായി സന്തുലിതമായി കോർത്തിണക്കി, ജനങ്ങളുടെ വിശ്വസ്തശബ്ദമായി നിലകൊള്ളുന്നുവെന്നും മന്ത്രി പറഞ്ഞു.മാറിക്കൊണ്ടിരിക്കുന്ന മാധ്യമ സാഹചര്യങ്ങളെക്കുറിച്ചു പരാമർശിക്കവേ, ഇന്നത്തെ കാലത്ത് ഏവരും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണു വാർത്തകൾ കൂടുതലായി അറിയുന്നതെന്നും, ഈ മാറ്റത്തിനനുസരിച്ചു മാധ്യമസ്ഥാപനങ്ങൾ സ്വയം മാറണമെന്നും ഡോ. മുരുകൻ പറഞ്ഞു.സർഗാത്മകത, സംസ്കാരം, ഉള്ളടക്കസൃഷ്ടി എന്നിവയാൽ നയിക്കപ്പെടുന്ന പ്രധാനമന്ത്രിയുടെ ‘ഓറഞ്ച് സമ്പദ്‌വ്യവസ്ഥ’ എന്ന കാഴ്ചപ്പാടിനെക്കുറിച്ചും മന്ത്രി സംസാരിച്ചു. മാധ്യമ-വിനോദ സേവനങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യ ഉയർന്നുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോളിവുഡ് സിനിമകളുടെ പോസ്റ്റ്-പ്രൊഡക്ഷൻ പ്രവൃത്തികൾ ബെംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ കൂടുതലായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർഗാത്മക സാങ്കേതികവിദ്യകളിലും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളിലും ഇന്ത്യയുടെ വർധിച്ചുവരുന്ന ശേഷിയാണ് ഈ വളർച്ച പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ കാഴ്ചപ്പാടിനനുസൃതമായി, സർഗാത്മക സാങ്കേതികവിദ്യകൾക്കായുള്ള മികവിന്റെ കേന്ദ്രമായി ഇന്ത്യാഗവണ്മെന്റ് മുംബൈയിൽ ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ്’ (IICT) ആരംഭിച്ചതായി ഡോ. മുരുകൻ അറിയിച്ചു. അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ്, ഡിജിറ്റൽ മീഡിയ എന്നീ മേഖലകളിൽ ഇന്ത്യയുടെ പ്രതിഭകളെ ശാക്തീകരിക്കാനും, സർഗാത്മക മേഖലയിലെ യുവപ്രൊഫഷണലുകൾക്കു പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതാണ് ഈ സ്ഥാപനം.വ്യാജപ്രചാരണങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചു പരാമർശിക്കവേ, ധാർമികമായ പത്രപ്രവർത്തനത്തിന്റെയും ഉള്ളടക്കസൃഷ്ടിയുടെയും പ്രാധാന്യത്തെക്കുറിച്ചു മന്ത്രി  അഭിപ്രായപ്പെട്ടു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ആർക്കും ഉള്ളടക്കങ്ങൾ സൃഷ്ടിക്കാനുള്ള അവസരം നൽകുന്നുണ്ടെങ്കിലും, ഈ സ്വാതന്ത്ര്യം വാർത്തകളുടെ ആധികാരികതയും കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന കരുത്തുറ്റ ധാർമിക ഉത്തരവാദിത്വത്തോടെയാകണം ഉപയോഗിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.മാധ്യമപ്രവർത്തകരെ ശാക്തീകരിക്കുന്നത‌ിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യാഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. മാധ്യമപ്രവർത്തകർക്കും കുടുംബങ്ങൾക്കും അടിയന്തരഘട്ടങ്ങളിൽ സാമ്പത്തികസഹായം നൽകുന്ന ‘മാധ്യപ്രവർത്തക ക്ഷേമപദ്ധതി’ (Journalist Welfare Scheme) പോലുള്ള ഉദ്യമങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. ‘വർക്കിങ് ജേണലിസ്റ്റ്’ എന്ന നിർവചനത്തിൽ ഡിജിറ്റൽ മീഡിയ പ്രൊഫഷണലുകളെക്കൂടി ഉൾപ്പെടുത്തിയത്, എല്ലാ പ്ലാറ്റ്‌ഫോമുകളിലും പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ ക്ഷേമം ഉറപ്പാക്കാനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയാണു വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.എംഎൽഎമാരായ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശ്രീ ചാണ്ടി ഉമ്മൻ, കോട്ടയം നഗരസഭ ചെയർമാൻ ശ്രീ എം പി സന്തോഷ് കുമാർ, എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ കൺവീനർ ശ്രീ സുരേഷ് പരമേശ്വരൻ, കേരളകൗമുദി ചീഫ് എഡിറ്റർ ശ്രീ ദീപു രവി, കോട്ടയം ബ്യൂറോ ചീഫ് ശ്രീ ബാബുരാജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

One thought on ““ഉത്തരവാദിത്വമുള്ള പത്രപ്രവർത്തനമാണ് ഊർജസ്വലമായ ജനാധിപത്യത്തിന്റെ നട്ടെല്ല്” – ഡോ. എൽ മുരുകൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!