റോഡപകടത്തില്‍പ്പെട്ട് മസ്തിഷ്‌ക മരണം സംഭവിച്ച 46 വയസുള്ള ഷിബു ഇനി മറ്റുള്ളവര്‍ക്ക് ജീവനേകും.

എറണാകുളം :റോഡപകടത്തില്‍പ്പെട്ട് മസ്തിഷ്‌ക മരണം സംഭവിച്ച 46 വയസുള്ള ഷിബു ഇനി മറ്റുള്ളവര്‍ക്ക് ജീവനേകും. ഷിബുവിന്റെ ഹൃദയം, വൃക്ക, കരള്‍, കണ്ണുകള്‍ എന്നിവ അവയവദാന പ്രക്രിയയിലൂടെ നല്‍കാന്‍ കുടുംബം സമ്മതം നല്‍കി. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച സ്‌കിന്‍ ബാങ്കിലേക്ക് ഷിബുവിന്റെ ചര്‍മ്മം നല്‍കും. തീവ്ര ദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധമായ കുടുംബത്തോട് നന്ദി അറിയിക്കുന്നു. ദു:ഖത്തില്‍ പങ്കുചേരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു .ഹൃദയം എറണാകുളം ജനറല്‍ ആശുപത്രിയ്ക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിനും കണ്ണുകള്‍ തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിയ്ക്കും കരള്‍ അമൃത ആശുപത്രിയ്ക്കും ഒരു വൃക്ക കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിനുമാണ് നല്‍കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റി വയ്ക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രി ടീമിന് എല്ലാ പിന്തുണയും ആശംസകളും അറിയിച്ചു.ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്ടറില്‍ ആണ് ഹൃദയവും വൃക്കയും എറണാകുളത്തേക്ക് കൊണ്ട് പോകുന്നത്. ബഹു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇതിന്റെ ക്രമീകരണങ്ങള്‍ ചെയ്യുന്നുണ്ട്. അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടക്കുന്ന തിരുവനന്തപുരത്തേയും കൊല്ലത്തേയും ആശുപത്രികളിലേക്കുള്ള വഴികളില്‍ റോഡ് ക്ലിയറന്‍സ് പോലീസ് സാധ്യമാക്കി .എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു. വൈകുന്നേരം 3 മണിക്ക് ഷിബുവിന്റെ ഹൃദയം വഹിച്ച ഹെലീകോപ്ടര്‍ എറണാകുളത്ത് എത്തിച്ചേര്‍ന്നു. 4 മിനിറ്റ് കൊണ്ട് ജനറല്‍ ആശുപത്രിയിലെത്തി.10 മിനിറ്റ് മുൻപ് ശസ്ത്രക്രിയ ആരംഭിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!