സർക്കാരിന്റെ നിശ്ചയദാർഢ്യം വിഴിഞ്ഞത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചു: മന്ത്രി വി.എൻ വാസവൻ

* ‘വിഷൻ 2031’ തുറമുഖ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു
സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖത്തെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്ന് സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി എൻ. വാസവൻ പറഞ്ഞു. ‘വിഷൻ 2031’ന്റെ
ഭാഗമായി തുറമുഖ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ അഴീക്കൽ തുറമുഖത്ത്
ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിരവധി വെല്ലുവിളികളും പ്രതിസന്ധികളും
അതിജീവിച്ചാണ് പറഞ്ഞ സമയത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ
വിഴിഞ്ഞം തുറമുഖത്തിന്റെ പൂർത്തീകരണ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
നിലവിൽ 554 കപ്പലുകൾ എത്തി. വിവിധ ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് 2028 ഓടെ
രാജ്യത്തിന്റെ പ്രധാന പ്രവേശന കവാടത്തിലൊന്നായി വിഴിഞ്ഞം തുറമുഖം മാറും.
ഡിസംബർ മാസത്തിൽ കര മാർഗമുള്ള ചരക്ക് ഗതാഗത നീക്കത്തിന് അപ്രോച്ച് റോഡ്
കമ്മീഷൻ ചെയ്യാനാകും. ഇത് കരമാർഗവും ജലമാർഗവുമുള്ള ചരക്ക് ഗതാഗതരംഗത്ത്
വമ്പിച്ച മുന്നേറ്റം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവളം, വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ
തുറമുഖങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രീകൃത ചരക്ക്
ഗതാഗതത്തിന് സൗകര്യം ഒരുങ്ങും. ചരക്ക് ഗതാഗതത്തിന് കേന്ദ്രീകൃത സ്വഭാവം
വന്നാൽ 10 മുതൽ 30 ശതമാനം
വരെ ചരക്ക് ഗതാഗതം ജല മാർഗേണയാക്കാൻ സാധിക്കും. ഇത് വാഹന ബാഹുല്യം
കുറയ്ക്കാനും ചെലവ് നിയന്ത്രിക്കാനും അന്തരീക്ഷത്തിൽ കാർബൺ ബഹിർഗമനത്തിന്റെ
അളവിൽ കുറവ് വരുത്താനും ചരക്കുകൾ സമയത്ത് എത്തിക്കാനും സഹായകമാകുമെന്നും
മന്ത്രി പറഞ്ഞു.
65 ലക്ഷം ടൺ കാർഗോ കൈകാര്യം ചെയ്യുന്ന ഉൾനാടൻ തുറമുഖമായി കോട്ടയം മാറി. കോട്ടയം, പത്തനംതിട്ട, ഇടുക്കി
ജില്ലകൾക്ക് സമീപം വിപുലമായ റോഡ്- റെയിൽ- ഉൾനാടൻ ജലപാതയുമായി ബന്ധമുള്ള
കോട്ടയം തുറമുഖത്തിനോടനുബന്ധിച്ച് ലോജിസ്റ്റിക്സ് പാർക്കുകൾക്ക് വലിയ
സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. തുറമുഖ രംഗത്തെ പരിശീലനം, വിദ്യാഭ്യാസം എന്നിവയ്ക്കായി നീണ്ടകര, കൊടുങ്ങല്ലൂർ
എന്നിവിടങ്ങളിൽ മാരിടൈം ബോർഡിന് കീഴിലുള്ള രണ്ട് സ്ഥാപനങ്ങൾ
നടപ്പാക്കാനുള്ള പരിശ്രമം നടക്കുകയാണ്. ഇതിനായി ധാരണപത്രമായിട്ടുണ്ട്.
ബേപ്പൂർ-ലക്ഷദ്വീപ്
ചരക്ക് ഗതാഗതത്തിനായുള്ള പരിസ്ഥിതി ആഘാത പഠനം ഉൾപ്പെടെ
നടന്നുകൊണ്ടിരിക്കുകയാണ്. ലക്ഷദ്വീപുമായുള്ള ചരക്ക് യാത്ര ഗതാഗതം കൂടുതൽ
കാര്യക്ഷമമാക്കുന്നതിന് ബേപ്പൂർ തുറമുഖത്തിന്റെ വികസനത്തിന് നടപടികൾ
ആരംഭിച്ചു. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് യാത്രാ കപ്പലുകൾ ആരംഭിക്കാനുള്ള
സാധ്യത യാഥാർഥ്യമാക്കേണ്ടതുണ്ടന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ
സമുദ്രതീരം ഏതാണ്ട് 590 കിലോമീറ്റർ ആണ്. ഇതിൽ 87 കിലോമീറ്റർ
തുറമുഖത്തിനായി പ്രഖ്യാപനം നടത്തിയ മേഖലയാണ്. ഈ മേഖലയെ കേന്ദ്രീകരിച്ച്
സമുദ്രാധിഷ്ഠിത വ്യവസായങ്ങൾ ഉൾപ്പെടെ എങ്ങനെ വളർത്തിയെടുക്കാം എന്നതിൽ
അഭിപ്രായ രൂപീകരണം ഉണ്ടാക്കാനുള്ള സാഹചര്യമാണ് സെമിനാർ വഴിയൊരുക്കുന്നത്.
സമുദ്രാധിഷ്ഠിത വ്യവസായങ്ങൾക്ക് അഴീക്കലിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ്
ദീർഘവീക്ഷണത്തോടെ അഴീക്കൽ തുറമുഖം സെമിനാറിനുള്ള വേദിയാക്കിയതെന്നും
മന്ത്രി പറഞ്ഞു.
‘വിഷൻ 2031’ തുറമുഖ
വകുപ്പിന്റെ നയരേഖ സമർപ്പണവും മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. തുടർന്ന്
വിവിധ വിഷയങ്ങളിൽ ചർച്ചയും നടന്നു. കെ.വി സുമേഷ് എം എൽ എ അധ്യക്ഷനായി.
ഉദ്ഘാടന ചടങ്ങിൽ മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസ് മുഖ്യപ്രഭാഷണം
നടത്തി. തുറമുഖ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി അബ്ദുൾ നാസർ വിഷയാവതരണം
നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, മുൻ എം എൽ എയും കേരളാ മാരിടൈം ബോർഡ് അംഗവുമായ എം. പ്രകാശൻ മാസ്റ്റർ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ എന്നിവർ സംസാരിച്ചു.

One thought on “സർക്കാരിന്റെ നിശ്ചയദാർഢ്യം വിഴിഞ്ഞത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചു: മന്ത്രി വി.എൻ വാസവൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!