കേരളത്തിലെ ഏഴ് റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര സ്റ്റേഷനുകളായി പുനർവികസിപ്പിക്കും : കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

പെരിനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച മധുരൈ എക്സ്പ്രസ് കേന്ദ്ര സഹമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

തിരുവനന്തപുരം : 2025 ഒക്ടോബർ  22

Download

Download

കൊല്ലം ജംഗ്ഷൻ ഉൾപ്പെടെ കേരളത്തിലെ ഏഴ് റെയിൽവേ സ്റ്റേഷനുകൾ വിമാനത്താവള മാതൃകയിലുള്ള ലോകോത്തര സ്റ്റേഷനുകളായി പുനർവികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ. ഗുരുവായൂർ-മധുരൈ ജംഗ്ഷൻ എക്സ്പ്രസിന് (16328) പെരിനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചത് ഫ്ലാ​ഗ് ഓഫ് ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമൃത് ഭാരത് പദ്ധതി പ്രകാരം സംസ്ഥാനത്തെ മുപ്പത്തിയഞ്ച് സ്റ്റേഷനുകൾ കൂടി ആധുനികവൽക്കരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് ഇരട്ടിപ്പിക്കൽ ജോലികൾക്കും മറ്റ് അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നുണ്ടെന്നും കേന്ദ്ര സഹമന്ത്രി അറിയിച്ചു.

തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ ദിവ്യകാന്ത് ചന്ദ്രകാർ ചടങ്ങിൽ സ്വാ​ഗതം ആശംസിച്ചു.  ശ്രീ എൻ.കെ. പ്രേമചന്ദ്രൻ എംപി, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. രാജശേഖരൻ, പനയം ഗ്രാമപഞ്ചായത്ത് കൗൺസിലർ ശ്രീ അനന്ത കൃഷ്ണപിള്ള, മറ്റ് ജനപ്രതിനിധികൾ, ഡിആർയുസിസി അംഗങ്ങൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Download

പെരിനാട് റെയിൽവേ സ്റ്റേഷനിൽ മധുരൈ എക്സ്പ്രസിന് ഇന്നു മുതൽ സ്റ്റോപ്പ് പ്രാബല്യത്തിൽ വന്നു.  ഗുരുവായൂർ – മധുരൈ ജംഗ്ഷൻ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16328 ) പെരിനാട് റെയിൽവേ സ്റ്റേഷനിൽ രാവിലെ 11:18 ന് എത്തിച്ചേരുകയും 11:19 ന് പുറപ്പെടുകയും ചെയ്യും. മധുരൈ ജംഗ്ഷൻ – ഗുരുവായൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16327) പെരിനാട് റെയിൽവേ സ്റ്റേഷനിൽ രാത്രി 7:53 ന് എത്തിച്ചേരുകയും 7:54 ന് പുറപ്പെടുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!