തിരുവനന്തപുരം : 2025 ഒക്ടോബർ 21
സൂക്ഷ്മമായ ആസൂത്രണത്തിലൂടെയും ഏകോപിത പ്രവർത്തനത്തിലൂടെയും ഇന്ത്യൻ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ സുരക്ഷിതവും സുഗമവും അപകടരഹിതവുമായ ദീപാവലി യാത്രാ സീസൺ ഉറപ്പാക്കി. തിരുവനന്തപുരം ഡിവിഷനിലെ പ്രധാന സ്റ്റേഷനുകളിൽ നിന്ന് ദക്ഷിണ റെയിൽവേ 34 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തി. റിസർവ് ചെയ്ത 45,000-ത്തിലധികം യാത്രക്കാർക്ക് ഇതിലൂടെ പ്രയോജനം ലഭിച്ചു.
ഒക്ടോബർ 1 മുതൽ ഒക്ടോബർ 22 വരെ തിരുവനന്തപുരം ഡിവിഷനിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിലേക്കും തിരിച്ചും സർവീസ് നടത്തിയ 92 പ്രത്യേക ട്രെയിനുകളിലായി ആകെ 1,35,032 യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്തു. കൂടാതെ, പ്രധാന മെട്രോ നഗരങ്ങളെയും വടക്കൻ മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന റൂട്ടുകളിൽ അധിക ശേഷി നൽകിക്കൊണ്ട്, ഉയർന്ന ജനപ്രീതിയുള്ള 15 ജോഡി ട്രെയിനുകൾ വർദ്ധിപ്പിച്ചു.
വാർ റൂമുകൾ, സിസിടിവി നിരീക്ഷണം, തുടർച്ചയായ ആർപിഎഫ്-ജിആർപി നിരീക്ഷണം എന്നിവയുൾപ്പെടെ 24 മണിക്കൂറും ഉള്ള ജാഗ്രതയും സുരക്ഷാ നടപടികളും സുരക്ഷാ വീഴ്ചകൾ ഒഴിവാക്കുകയും യാത്രക്കാരുടെ തിരക്കിൽ പൂർണ്ണ നിയന്ത്രണം ഉറപ്പാക്കുകയും ചെയ്തു. പെട്ടെന്നുണ്ടാകുന്ന ജനത്തിരക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ ഒരു പ്രത്യേക ഹോൾഡിംഗ് ഏരിയയും സജ്ജമാക്കിയിരുന്നു.
യാത്രക്കാരുടെ വർദ്ധനവ് കണക്കിലെടുത്ത്, തിരുവനന്തപുരം, കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം, നാഗർകോവിൽ, കന്യാകുമാരി എന്നിവയെ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, പട്ന, സാന്ദ്രഗച്ച്, ഹുബ്ബള്ളി തുടങ്ങിയ പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിച്ച് ദീപാവലി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തി. ഈ സർവീസുകൾ സാധാരണ ട്രെയിനുകളിലെ തിരക്ക് ഗണ്യമായി ലഘൂകരിക്കുകയും ഉത്സവത്തിനായി വീട്ടിലേക്ക് പോകുന്ന യാത്രക്കാർക്ക് സുഖകരമായ യാത്ര ഉറപ്പാക്കുകയും ചെയ്തു.
തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, കൊല്ലം ജംഗ്ഷൻ, കോട്ടയം, എറണാകുളം ജംഗ്ഷൻ, ആലുവ, എറണാകുളം ടൗൺ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ യാത്രക്കാരുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ജനക്കൂട്ട നിയന്ത്രണത്തിനായി അധിക ആർപിഎഫ്, ജിആർപി, ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ്, സ്റ്റേഷൻ ജീവനക്കാർ എന്നിവരെ വിന്യസിച്ചു.
ട്രെയിൻ സമയക്രമീകരണത്തെയും പ്ലാറ്റ്‌ഫോം മാറ്റങ്ങളെയും കുറിച്ച് യാത്രക്കാർക്ക് പ്രത്യേക അറിയിപ്പുകൾ നൽകി. പീക്ക് സമയത്ത് തിരക്ക് നിയന്ത്രിക്കുന്നതിന് എറണാകുളത്ത് ഹോൾഡിംഗ് ഏരിയകളും ക്യൂ സംവിധാനങ്ങളും ഏർപ്പെടുത്തി.
എല്ലാ പ്രധാന സ്റ്റേഷനുകളിലും ടിക്കറ്റ് വേഗത്തിൽ എടുക്കുന്നതിനും ക്യൂ കുറയ്ക്കുന്നതിനും അധിക ബുക്കിംഗ് കൗണ്ടറുകളും എടിവിഎമ്മുകളും തുറന്നു.
യാത്രക്കാരെ സഹായിക്കുന്നതിനായി പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഹെൽപ്പ് ഡെസ്കുകൾ, ഇൻഫർമേഷൻ കൗണ്ടറുകൾ, മെഡിക്കൽ ടീമുകൾ എന്നിവ ലഭ്യമാക്കി. ശുചീകരണ യജ്ഞങ്ങളും, മികച്ച ഹൗസ് കീപ്പിംഗും സ്റ്റേഷൻ പരിസരത്ത് ശുചിത്വം ഉറപ്പാക്കി. ആർപിഎഫുമായി ചേർന്ന് വാർ റൂമുകൾ പ്രവർത്തിച്ചിരുന്നു. സിസിടിവി നിരീക്ഷണവും പട്രോളിംഗും ഉൾപ്പെടെ 24 മണിക്കൂറും നിരീക്ഷണം നടത്തി, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും പടക്കങ്ങൾ പോലുള്ള നിരോധിത വസ്തുക്കൾ കയ്യിൽ കരുതുന്നത് തടയുകയും ചെയ്തു.
കൊമേഴ്‌സ്യൽ, മെക്കാനിക്കൽ, ആർപിഎഫ്, മെഡിക്കൽ, ജിആർപി എന്നീ ടീമുകളുടെ സംയുക്ത പരിശ്രമം കാരണമാണ് ദീപാവലി യാത്ര സുഗമമായതെന്ന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ ദിവ്യകാന്ത് ചന്ദ്രകാർ പറഞ്ഞു.
ഉത്സവകാലത്ത് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ശ്രീ ദിവ്യകാന്ത് ചന്ദ്രകാർ വ്യക്തമാക്കി.
