എരുമേലി :ചരള കണ്ണങ്കര കോളനി പടിപറമ്പിൽ ജെയിംസ് നടത്തിൽ നേടിയ സമ്മാനങ്ങൾ നിരവധി.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന വെറ്ററൻസ് അറ്റ്ലറ്റിക് ഫെഡറേഷൻ നടത്തിയ അഞ്ച് കിലോമീറ്റർ നടത്ത മത്സരത്തിൽ 60 വയസിന് മേലുള്ള വിഭാഗത്തിൽ ഒന്നാം സ്ഥാനവും സ്വർണ മെഡലും ലഭിച്ചു. 2023 ലും ഇതേ മത്സരത്തിൽ ജെയിംസ് ആണ് ഒന്നാം സ്ഥാനവും സ്വർണവും നേടിയത്. 2024 ൽ കുന്നംകുളത്ത് വെച്ച് നടന്ന കേരള സ്റ്റേറ്റ് വേറ്ററൻസ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അഞ്ച് കിലോമീറ്റർ നടത്ത മത്സരത്തിലും സ്വർണ്ണ മെഡൽ നേടിയിരുന്നു.
വർഷങ്ങൾക്ക് മുമ്പ് വീട്ടിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ പിടി വിട്ട് കിണറ്റിൽ വീണ് ജെയിംസിന്റെ കാൽ ഒടിയുകയായിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ ജെയിംസ് പണിക്ക് പോകാൻ കഴിയാതെ മാസങ്ങളോളം കിടപ്പിലായി. ചികിത്സകൾക്ക് ശേഷം പതിയെ ഊന്നുവടിയുടെ സഹായത്തോടെ കുടുംബം പോറ്റാൻ വീണ്ടും കൂലിപ്പണിക്കിറങ്ങിയ ജെയിംസിന് കാലിന്റെ സ്വാധീനക്കുറവ് സങ്കടകരമായിരുന്നു. എന്നാൽ പഴയ പോലെ നടക്കണമെന്ന വാശിയിൽ ദിവസവും ടാപ്പിംഗ് ജോലിക്കായി പ്രയാസങ്ങൾ സഹിച്ച് കിലോമീറ്ററുകൾ നടന്നതോടെ കാലിന് പഴയ ബലം വന്നുതുടങ്ങുകയായിരുന്നു. അപ്പോഴേക്കും ജെയിംസിന്റെ നടത്തത്തിന് വേഗത കൂടിക്കൊണ്ടിരുന്നു. സ്പീഡിൽ നടക്കുന്ന ജെയിംസിനോട് വല്ല നടത്ത മത്സരത്തിനും പൊയ്ക്കൂടേ എന്ന് നാട്ടുകാർ ചോദിച്ചു തുടങ്ങിയതോടെ മത്സരം തേടി ജെയിംസ് എത്തുകയായിരുന്നു. അന്ന് മുതൽ ഇങ്ങോട്ട് ലഭിച്ചതാകട്ടെ 75 ൽ അധികം വിജയങ്ങളും അവയ്ക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും. ദേശീയ തലത്തിൽ വരെ മെഡലുകൾ നേടി. അച്ഛന്റെ പരിശീലനം കണ്ട് മകൻ ജെസ് ജെയിംസും നടത്തത്തിൽ വേഗത നേടി സ്കൂൾ തലം മുതൽ യൂണിവേഴ്‌സിറ്റി തലത്തിൽ വരെ വിജയങ്ങൾ നേടി. ടാപ്പിംഗ് കഴിഞ്ഞാൽ കൃഷിയാണ് ജെയിംസിന്റെ ഉപജീവന മാർഗം. നാടൻ കപ്പ കൃഷി ചെയ്ത് വിളവുകളുമായി വീടിന് അടുത്ത് റോഡരികിൽ വിൽക്കും. കൃഷിയും നടത്തവും മികച്ചതാക്കിയ ജെയിംസിനെ നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ചു.

There is definately a lot to find out about this subject. I like all the points you made