ഗുരുവായൂർ : ആനക്കോട്ടയിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് ഗുരുവായൂർ ദേവസ്വം. ആന ചരിയാൻ കാരണം പാപ്പാൻമാരുടെ ക്രൂരമർദനമെന്ന ആരോപണത്തെ തുടർന്നാണ് തീരുമാനം. ദേവസ്വം ഭരണസമിതി അംഗങ്ങളായ മനോജ് വിശ്വനാഥൻ എന്നിവർക്കാണ് അന്വേഷണ ചുമതല.സംഘം ഇന്ന് പുന്നത്തൂർ കോട്ടയിലെത്തി വിവരങ്ങൾ ശേഖരിക്കും. ആന ചരിയാൻ കാരണം ആന്തരിക ക്ഷതമേറ്റതാണ് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആനയോട്ടത്തിൽ പലതവണ ജേതാവായിരുന്ന കൊമ്പനായിരുന്നു ഗോകുൽ. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിനു കൂട്ടാനയുടെ കുത്തേറ്റ് ഗോകുലിന് ആഴത്തിൽ മുറിവേറ്റിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗോകുലിനു ഗുരുവായൂർ ദേവസ്വത്തിലെത്തന്നെ പീതാംബരൻ എന്ന ആനയുടെ കുത്തേറ്റത്.
പാപ്പാൻമാരുടെ ക്രൂരമർദനമുണ്ടായി എന്ന ആരോപണത്തെ തുടർന്ന് പാപ്പാന്മാരെ സസ്പെൻഡ് ചെയ്തിരുന്നു. ആനയുടെ രണ്ടും മൂന്നും പാപ്പാന്മാപരെയാണ് സസ്പെൻഡ് ചെയ്തത്. ആനക്കോട്ടയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് കൊമ്പൻ ഗോകുൽ ചരിഞ്ഞത്. ചൊവ്വാഴ്ച മൃതദേഹം കോടനാട്ടു കൊണ്ടുപോയി പോസ്റ്റ്‌മോർട്ടത്തിനുശേഷം സംസ്‌കരിച്ചിരുന്നു.