കാഞ്ഞിരപ്പള്ളി എപ്പാര്‍ക്കിയല്‍ അസംബ്ലി:  കുടുംബക്കൂട്ടായ്മതല വിചിന്തനങ്ങള്‍ക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി: 2026 മെയ് മാസം 12 മുതല്‍ 15 വരെ കുട്ടിക്കാനത്ത് നടത്തപ്പെടുന്ന രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് ഒരുക്കമായ കുടുംബക്കൂട്ടായ്മതല വിചിന്തനങ്ങള്‍ക്ക് തുടക്കമായി. രൂപതയിലെ 148 ഇടവകകളിലെ 2156 കുടുംബ കൂട്ടായ്മകളിലും എപ്പാക്കിയല്‍ അസംബ്ലി ലിനയമെന്ത(മാര്‍ഗ്ഗരേഖ)യുടെ വിചിന്തനങ്ങള്‍ നടത്തപ്പെടും. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിയമിച്ച ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ സഹകരണത്തോടെ തയ്യാറാക്കിയ മാര്‍ഗ്ഗരേഖ ഇടവക തലത്തിലും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. പ്രസ്തുത ചര്‍ച്ചകളുടെ വെളിച്ചത്തില്‍ തയ്യാറാക്കുന്ന വിഷയാവതരണ രേഖയുടെ വെളിച്ചത്തിലാണ് എപ്പാര്‍ക്കിയല്‍ അസംബ്ലി വിചിന്തനങ്ങള്‍ നടത്തപ്പെടുന്നത്.

രൂപതയിലെ കുടുംബ കൂട്ടായ്മകളില്‍ എപ്പാര്‍ക്കില്‍ അസംബ്ലി ലിനയമെന്തയുടെ ആശയങ്ങള്‍ വീഡിയോയായാണ് പ്രദര്‍ശിപ്പിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ ഇടവകതല റിസോഴ്‌സ് ടീം അംഗങ്ങളാണ് കുടുംബ കൂട്ടായ്മതല വിചിന്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നത്. കുടുംബ കൂട്ടായ്മതല വിചിന്തനങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ഇടവകതല പങ്കുവെയ്ക്കലുകള്‍ നടത്തപ്പെടുന്നതാണ്.

വൈദികരുടെ നേതൃത്വത്തിലുള്ള റിസോര്‍സ് ടീം അംഗങ്ങള്‍ ഇടവകതല ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. കുടുംബ കൂട്ടായ്മ ലീഡേഴ്‌സ്, കുടുംബക്കൂട്ടായ്മകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍,  നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രതിനിധികള്‍ എന്നിവരാണ് ഇടവക തല ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. സന്യസ്തര്‍, സംഘടനാ ഭാരവാഹികള്‍, വിശ്വാസജീവിത പരിശീലകര്‍ എന്നിവര്‍ക്കായി പ്രത്യേകം ചര്‍ച്ചകളും ഇടവകതലത്തില്‍ സംഘടിപ്പിക്കപ്പെടുന്നതാണ്. പങ്കുവയ്ക്കലുകളുള്‍ക്കൊള്ളിച്ചുള്ള റിപ്പോര്‍ട്ട് ഡിസംബര്‍ 20-ന് മുന്‍പ് രൂപത പാസ്റ്ററല്‍ ആനിമേഷന്‍ ഓഫീസില്‍ നല്‍കേണ്ടതാണ്. അസംബ്ലിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനാഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക് നേരിട്ടോ കത്തുമുഖേനയോ പാസ്റ്ററല്‍ ആനിമേഷന്‍ ഓഫീസിനെ സമീപിക്കാവുന്നതാണ്.

രൂപത വികാരി ജനറാളുമാരായ റവ. ഫാ. ജോസഫ് വെള്ളമറ്റം, റവ. ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, റവ.ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ചാന്‍സലര്‍ റവ.ഫാ. മാത്യു ശൗര്യാംകുഴി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു, പാസ്റ്ററല്‍ ആനിമേഷന്‍ ഡയറക്ടര്‍ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, രൂപതാതല ജൂബിലി കമ്മിറ്റി എന്നിവരുടെ നേതൃത്വത്തില്‍ രൂപത പാസ്റ്ററല്‍ ആനിമേഷന്‍ ഓഫീസ് രൂപതാതല പ്രവര്‍ത്തനങ്ങളെയും, വൈദികരുടെയും കൈക്കാരന്മാരുടെയും നേതൃത്വത്തിലുള്ള ഇടവകതല ജൂബിലി കമ്മിറ്റി ഇടവകതല എപ്പാര്‍ക്കിയല്‍ അസംബ്ലി നടപടികളെയും ഏകോപിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!