ഇസ്ലാമാബാദ്: പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ ജില്ലകളില്‍ നടന്ന വിവിധ ഭീകരാക്രമണങ്ങളില്‍ 20 സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് സാധാരണക്കാരും ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലെ ഖൈബര്‍ പഖ്തൂന്‍ഖ്വാ പ്രവിശ്യയിലെ വിവിധ ജില്ലകളിലാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങളുടെ ഉത്തരവാദിത്വം പാകിസ്താനി താലിബാന്‍ (തെഹ്‌രീകെ താലിബാന്‍) ഏറ്റെടുത്തു.
ദേരാ ഇസ്മയില്‍ ഖാന്‍ ജില്ലയിലെ പോലീസ് ട്രെയിനങ് സ്‌കൂളിന് നേരേയടക്കമാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. പോലീസ് ട്രെയിനിങ് സ്‌കൂളിന് നേരേയുണ്ടായ ചാവേര്‍ ആക്രമണത്തിലും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലും ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 13 പോലീസുകാര്‍ക്ക് പരിക്കേറ്റു. ആറ് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്. ട്രെയിനിങ് സെന്ററിലുണ്ടായിരുന്ന ട്രെയിനി പോലീസുകാരെയും ജീവനക്കാരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും അധികൃതര്‍ പറഞ്ഞു.
ഖൈബര്‍ ജില്ലയിലെ അതിര്‍ത്തിയിലുണ്ടായ ഭീകരാക്രമണത്തില്‍ 11 അര്‍ധസൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ബജൗര്‍ ജില്ലയിലെ സംഘര്‍ഷത്തിലാണ് മൂന്ന് സാധാരണക്കാരടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടത്.