സുരക്ഷിത കുടിയേറ്റം ഉറപ്പു വരുത്തും: മുഖ്യമന്ത്രി

*വിദേശ റിക്രൂട്ട്‌മെന്റ് : ഏകദിന ഗ്ലോബൽ കോൺക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ലോകത്തെവിടെയും സുരക്ഷിതമായ കുടിയേറ്റം ഉറപ്പു വരുത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശ റിക്രൂട്ട്‌മെന്റ്: ഏകദിന ഗ്ലോബൽ കോൺക്ലേവ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ പ്രവാസ ജീവിതത്തിന് ഒരു ചരിത്രമുണ്ട്. ഇന്ന് ലോകത്തിലെ എല്ലാ കോണുകളിലും മലയാളികൾ എത്തിച്ചേർന്നു കഴിഞ്ഞു. തൊഴിൽ അന്വേഷിച്ചുള്ള കുടിയേറ്റം എന്ന ആദ്യകാലങ്ങളിലെ മുൻഗണന കാഴ്ചപ്പാടിന് പിന്നീട് മാറ്റം വന്നു. ഇപ്പോൾ വിദേശരാജ്യങ്ങളിൽ വലിയ നിക്ഷേപകരായ മലയാളികളും വിദേശ സർവകലാശാലകളിൽ ഉന്നത വിജയം കൈവരിക്കുന്ന മലയാളികളും ഉണ്ട്. പ്രവാസി രൂപത്തിൽ ജീവിതത്തിന്റെ സമസ്ത മേഖലകളിലും മലയാളികൾ ശ്രദ്ധേയരായിക്കഴിഞ്ഞു. നിരവധി ലോകരാജ്യങ്ങളുടെ പൊതു സാംസ്‌കാരിക ധാരയോടൊപ്പം ചേരുകയും അതിന് നേതൃത്വം നൽകുന്നവരായും നമ്മൾ മാറി.

ഔദ്യോഗിക രേഖ പ്രകാരം കാൽ കോടിയോളം മലയാളികൾ പ്രവാസികളായി കേരളത്തിനു പുറത്തുണ്ട്. 2023-ലെ കേരള മൈഗ്രേഷൻ സർവ്വേ വ്യക്തമാക്കുന്നത്, കുടിയേറ്റത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടുവരുന്നു എന്നാണ്. മുൻപ് പ്രവാസി എന്ന് പറഞ്ഞാൽ പ്രധാനമായും ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളെയാണ് ഉദ്ദേശിച്ചത്. അത് ഏറെക്കുറെ ശരിയായിരുന്നു. എന്നാൽ ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ ശതമാനം കുറയുകയും, യുവാക്കൾ ജർമ്മനി, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്നു. ഈ ഭൂമിശാസ്ത്രപരമായ മാറ്റത്തോടൊപ്പം, കുടിയേറ്റത്തിന്റെ സ്വഭാവത്തിലും മാറ്റം വന്നു. ആദ്യ കാലങ്ങളിൽ ഐടി, ഹെൽത്ത് കെയർ മേഖലകൾക്കായിരുന്നു പ്രാധാന്യം. മാനേജ്‌മെന്റ്, അക്കാദമിക മേഖലകളിൽ ഇന്ന് ധാരാളം പേർ തൊഴിലെടുക്കുന്നു. പ്രവാസി മലയാളികളിൽ 11% വിദ്യാർഥികളാണ് എന്നും സർവ്വേ സൂചിപ്പിക്കുന്നു. ഈ മാറ്റങ്ങൾ നല്ല ലക്ഷണങ്ങളാണ്. എന്നാൽ ഈ മാറ്റങ്ങൾക്കൊപ്പം ഉയർന്നുവരുന്ന വെല്ലുവിളികളെ നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്.

 പ്രവാസികളുടെ വിഷയങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ നല്ല താൽപര്യമെടുക്കുന്ന സംസ്ഥാനമാണ് കേരളം. യഥാർത്ഥത്തിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള ഒരു വകുപ്പിന് കേരളത്തിൽ രൂപം നൽകിയിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഈ ശ്രമം പിന്നീട് നോർക്ക റൂട്ട്‌സ് എന്ന പേരിൽ പ്രവാസ ജീവിതത്തിന്റെ ഭാഗമായി മാറി. ഇന്ന് ഏതെങ്കിലും  തരത്തിൽ നോർക്കയുമായി ബന്ധപ്പെടാത്ത പ്രവാസി മലയാളികൾ ഉണ്ടാകില്ല.

നോർക്കയുടെ പ്രവർത്തനങ്ങൾ നമ്മുടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്നു.രണ്ട് പദ്ധതികളുമായി  പ്രവർത്തനമാരംഭിച്ച നോർക്ക ഇന്ന്  മുപ്പതോളം പദ്ധതികൾ നടപ്പിലാക്കുന്നു. പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നമ്മുടെ നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയാണ് ഇവിടെ രൂപംകൊണ്ട ലോക കേരള സഭ. പ്രവാസികളുടെ അഭിപ്രായങ്ങൾ ആരായാനും വികസനത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും ഇത് പ്രവർത്തിക്കുന്നു.

 പ്രവാസികളുടെ സംഭാവന എന്നത് അവിടുന്ന് കാലാകാലങ്ങളിൽ ലഭിക്കുന്ന പണത്തിൽ ഒതുങ്ങുന്ന ഒന്നല്ല. പ്രവാസ ജീവിതം നയിക്കുന്നവരിൽ ഒരുപാട് രംഗത്തെ വിദഗ്ധരും പ്രതിഭകളും ഉണ്ട്. അവരുടെ വൈദഗ്ധ്യവും പ്രതിഭയും അവിടെ ജോലി ചെയ്തുകൊണ്ടുതന്നെ നാടിന്റെ വികസനത്തിനുവേണ്ടി ഉപയോഗിക്കണം. കേരളത്തിന്റെ വികാസത്തിന് പ്രവാസി മലയാളികളുടെ കൃത്യമായ പങ്കാളിത്തം ഉറപ്പാക്കുന്ന നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നത്.

മടങ്ങിയെത്തുന്ന പ്രവാസികൾക്കായി  നൈപുണ്യ പരിശീലന പരിപാടികളടക്കം സംഘടിപ്പിക്കുന്നു. ഇതിലൂടെ അവരുടെ തൊഴിൽ പരിചയം കേരളത്തിലെ തൊഴിൽ മേഖലയ്ക്ക് മുതൽക്കൂട്ടാക്കുന്നു. ജർമനിയുമായി സഹകരിച്ചുകൊണ്ടുള്ള നൈപുണ്യ പ്രോഗ്രാമുകളും യുകെ, കാനഡ രാജ്യങ്ങളുമായി സഹകരിച്ചുള്ള തൊഴിൽ പദ്ധതികളും  നടപ്പിലാക്കുന്നുണ്ട്.

 പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ ഏറ്റെടുക്കുന്നത്. 1983-ലെ നിയമത്തിന് പകരമായി ‘എമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് 2025’ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുകയാണ്. ഇതിനെക്കുറിച്ചുള്ള ക്രിയാത്മകമായ അഭിപ്രായങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കേണ്ടതുണ്ട്. പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ട്. ഈ കോൺക്ലേവിൽ പങ്കെടുക്കുന്നവരെല്ലാം ഇവ ചർച്ച ചെയ്യണമെന്ന് അഭ്യർഥിക്കുകയാണ്.

കുടിയേറ്റ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഏറെ പ്രാധാന്യത്തോടെ കണ്ട് വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഇടപെടലുകൾ നടത്തും. ഇതിനായി കുടിയേറ്റ സെൽ, പരാതി പരിഹാര സംവിധാനം, ഓരോ രാജ്യത്തെയും ജീവിത സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നതിന് ഓൺലൈൻ പോർട്ടൽ പോലുള്ള പരിപാടികൾ സംഘടിപ്പിക്കും.

നിയമപരമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ധാരാളം സ്ഥാപനങ്ങളും ഏജന്റുമാരും ഉണ്ട്. എന്നാൽ, വിദേശത്ത് തൊഴിലോ വിദ്യാഭ്യാസമോ ആഗ്രഹിക്കുന്നവരെ ചൂഷണം ചെയ്യുന്ന, നിയമവിരുദ്ധമായി പ്രവർത്തിക്കുകയും സാധാരണക്കാരനെ കബളിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെയും ഏജന്റുമാരെയും അംഗീകരിക്കാനാവില്ല. ഒരാൾക്ക് പോലും ദുരനുഭവം ഇല്ലാതിരിക്കുക എന്നത് വളരെ പ്രധാനമാണ്.   സുരക്ഷയും സുതാര്യതയും ഉള്ള രീതിയിൽ ഈ മേഖലയെ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരും തയ്യാറാകണം. കോൺക്ലേവിലെ ചർച്ചകളിലൂടെ ഉയർന്നുവരുന്ന ആശയങ്ങൾ ഈ രംഗത്ത് ചെയ്യേണ്ട കാര്യങ്ങൾക്ക് രൂപം നൽകുന്നതിൽ സഹായകമാകും. അത് പ്രവാസി സഹോദരങ്ങൾക്ക് സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഈ കോൺക്ലേവ് വൻ വിജയമാകട്ടെ എന്ന് ആശംസിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സിപിവി & ഒഐഎ)  അരുൺ കുമാർ ചാറ്റർജി ചടങ്ങിനെ അഭിസംബോധന ചെയ്തു.

വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിമാരായ  ജിന ഉയിക,  സുരീന്ദർ ഭഗത്, ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ  അരവിന്ദ് മേനോൻ, പ്രോട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (തിരുവനന്തപുരം & കൊച്ചി) മേജർ. ശശാങ്ക് ത്രിപാഠി, റീജിയണൽ പാസ്പോർട്ട് ഓഫീസർ  ജീവ മരിയ ജോയ്, ലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടർ  ആസിഫ് കെ യൂസഫ് ,കെ ഡി ഐഎസ്സി മെമ്പർ സെക്രട്ടറി പി.വി, ഉണ്ണികൃഷ്ണൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ  അജിത് കൊളശ്ശേരി,  നോർക്ക വകുപ്പ് സെക്രട്ടറി  അനുപമ. ടിവി തുടങ്ങിയവർ പങ്കെടുത്തു.

നൂതനാശയം, സുരക്ഷ, സഹകരണം എന്നിവയിലൂടെ വിദേശ റിക്രൂട്ട്മെന്റ് പരിവർത്തനം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണ് കോൺക്ലേവ്. പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്‌സ് (എറണാകുളം ,കൊച്ചി), വിദേശകാര്യ മന്ത്രാലയം എന്നിവയുടെ അഭിമുഖ്യത്തിൽ കേരള ഗവൺമെന്റിന്റെ നോൺ റസിഡന്റ് കേരളൈറ്റ്‌സ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റുമായി (നോർക്ക) ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. അഞ്ച് സെഷനുകളിലായി പുതിയ കുടിയേറ്റ രംഗങ്ങളിലെ (EU, ജപ്പാൻ, GCC, കാനഡ) ആവശ്യകത മനസ്സിലാക്കൽ, കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ നൈപുണ്യ വികസനം – നൈപുണ്യമുള്ളതും ഭാവിക്ക് അനുയോജ്യമായതുമായ ഒരു പ്രതിഭാ അടിത്തറ കെട്ടിപ്പടുക്കൽ, ന്യായവും സുതാര്യവുമായ കുടിയേറ്റത്തിലേക്കുള്ള വഴികൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!