ഈരാറ്റുപേട്ട : കാരയ്ക്കാട് -ഇളപ്പുങ്കൽ നടപ്പാലം കാരയ്ക്കാട് പ്രദേശത്തെ ജനങ്ങൾക്കും,കാരയ്ക്കാട് സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്കും എല്ലാം ഈരാറ്റുപേട്ട -തൊടുപുഴ റോഡിലേക്കും ഇളപ്പുങ്കൽ ഭാഗത്തേക്കും ഉൾപ്പെടെ പോകുന്നതിനുള്ള എളുപ്പമാർഗമായിരുന്നു. എന്നാൽ 2021 ലെ പ്രളയത്തിൽ പാലം തകർന്നതോടെ പ്രദേശവാസികളും, വിദ്യാർത്ഥികളും എല്ലാം ഏറെ ദുരിതത്തിൽ ആയി. മീനച്ചിലാറിന്റെ മറുകരയുള്ള ഇളപ്പുങ്കൽ ഭാഗത്തേക്ക് പോകുന്നതിന് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലായി. ഇളപ്പുങ്കൽ ഭാഗത്തുനിന്നും കാരയ്ക്കാട് എം എം യു എം യു പി എസിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഏറെ ദുരിതത്തിലായത്. സ്കൂൾ വിദ്യാർത്ഥികളും പ്രദേശവാസികളും ജനപ്രതിനിധികളും എല്ലാം ആവശ്യപ്പെട്ടതിനെ തുടർന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ അനുവദിച്ച് നടപ്പാലം പുനർ നിർമ്മിക്കുകയായിരുന്നു. പുനർ നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ കെ.എ മുഹമ്മദ് അഷറഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. യോഗത്തിൽ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ കൗൺസിലർമാരായ സുനിൽകുമാർ, അനസ് പാറയിൽ, അബ്ദുൽ ലത്തീഫ്, നൗഫിയ ഇസ്മായിൽ, വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കളായ ഫൈസൽ വെട്ടിയാംപ്ലാക്കൽ,കെ.എം ഹുസൈൻ ഷമീർ പുളിക്കച്ചാലിൽ, സാബിത്ത് മൗലവി,നിസാർ മൗലവി, പരീക്കൊച്ച് വെള്ളൂപ്പറമ്പിൽ, യാസർ വെള്ളൂപ്പറമ്പിൽ, സുലൈമാൻ കാരക്കാട്, എന്നിവർ പ്രസംഗിച്ചു.
ഇളപ്പുങ്കൽ കാരക്കാട് ഭാഗത്ത് വാഹന ഗതാഗത യോഗ്യമായ വലിയപാലം നിർമ്മിക്കുന്നതിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഭാവിയിൽ തൊടുപുഴ -ഈരാറ്റുപേട്ട റോഡിൽ നിന്നും വരുന്നവർക്ക് എളുപ്പത്തിൽ ഈരാറ്റുപേട്ട -വാഗമൺ റോഡ് വഴി തീക്കോയി, വാഗമൺ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന വിധവും കാരയ്ക്കാട് പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കും വിധവും, കാരക്കാട് ഇളപ്പുങ്കൽ ഭാഗത്ത് വാഹന ഗതാഗത യോഗ്യമായ പാലം നിർമ്മിക്കും എന്നും എംഎൽഎ അറിയിച്ചു
