കോട്ടയം : കാണക്കാരി കപ്പടക്കുന്നേൽ ജെസി(50)യുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല നടത്തിയതിന് ശേഷം കാണക്കാരിയിൽ നിന്ന് കാറിലാണ് ഭർത്താവ് സാം(59) മൃതദേഹം ചെപ്പുകുളത്ത് എത്തിച്ചത്.
എന്നാൽ വഴക്കിനെ തുടർന്ന് 15 വർഷമായി കാണക്കാരി രത്നഗിരിപ്പള്ളിക്ക് സമീപമുള്ള വീട്ടിൽ രണ്ട് നിലകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. ഈ വീട്ടിൽ സമാധാനപരമായി താമസിക്കാൻ നൽകിയ കേസിൽ ജെസിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി 2018ൽ പാല അഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയിൽ കഴിഞ്ഞ ദിവസമാണ ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. സാമിന്റെ ആദ്യഭാര്യ ഉപേക്ഷിച്ചുപോയശേഷം 1994ലാണ് ജെസിയെ വിവാഹം ചെയ്തത്.സാമിന് ഇതേ വീട്ടിൽതന്നെ താമസിക്കാൻ ജെസി അനുവാദം നൽകി. വീട്ടിൽ കയറാതെ പുറത്തുനിന്ന് സ്റ്റെയർക്കെയ്സ് പണിതാണ് സാമിന് രണ്ടാംനിലയിൽ താമസസൗകര്യമൊരുക്കിയത്.
വിവാഹിതരായത് മുതൽ ജെസി നേരിട്ടത് വലിയ പീഡനങ്ങളായിരുന്നു. 2008ൽ സൗദിയിൽ ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് മറ്റൊരു വിദേശ വനിതയുമായിട്ടുള്ള ബന്ധം ചോദ്യം ചെയ്തതിന് ക്രൂര പീഡനമാണ് ജെസി നേരിടേണ്ടി വന്നിട്ടുള്ളത്.
വാതിലിന്റെ ലോക്ക് ഊരി പലതവണ തലയിൽ അടിച്ചു. ബോധരഹിതയായ ജെസി രണ്ട് മാസത്തോളം വെന്റിലേറ്ററിലായിരുന്നു. പോലീസിനോട് അന്ന് ബാത്ത്റൂമിൽ തലയടിച്ച് വീണെന്നാണ് സാം പറഞ്ഞിരുന്നത്.
ജെസി സ്വബോധത്തോടെ സംസാരിക്കാൻ തുടങ്ങിയപ്പോൾ, തനിക്ക് തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞതോടെ ജെസി പോലീസിൽ പരാതിപ്പെട്ടില്ല. പിന്നീടും ഇയാൾ പലതവണ ഇവരെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴും ഇവർ മക്കളെ ഓർത്ത് പലതും സഹിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.