കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് പുതിയ മന്ദിരത്തിലേക്ക്. ഉദ്ഘാടനം നാളെ രാവിലെ പത്തിന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ചീഫ് വിപ്പും മണ്ഡലം എംഎൽഎയുമായ ഡോ. എൻ. ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്നു മൂന്നരക്കോടി രൂപയാണ് മൂന്നു നിലകളിലായുള്ള പഞ്ചായത്ത് ഓഫീസിന് കെട്ടിടത്തിന്റെ നിർമാണത്തിനായി അനുവദിച്ചിരുന്നത്. ആദ്യ നിലയുടെ നിർമാണമാണ് ഇപ്പോൾ പൂർത്തീകരിച്ചതും ഉദ്ഘാടനം നടത്തുന്നതും.
ലിഫ്റ്റ് അടക്കം ആധുനിക സംവിധാനങ്ങളുള്ള 16,000 ചതുശ്ര അടി വിസ്തീർണം വരുന്ന ഈ കെട്ടിടത്തിൽ പഞ്ചായത്ത് ഓഫീസ്, വിഇഒ ഓഫീസ്, എൽഎസ്ജിഡി വിഭാഗം, കുടുംബശ്രീ ഓഫീസ്, എംഎൽഎ ഓഫീസ്, വിവിധ സേവന കേന്ദ്രങ്ങൾ, കഫേ ഷോപ്പ് തുടങ്ങിയവ ഉണ്ടാകും. രണ്ടു നിലകളുടെ നിർമാണമാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടമായി മൂന്നാം നിലയിൽ ഓഡിറ്റോറിയം നിർമിക്കും.
വരും കാലങ്ങളിൽ മുനിസിപ്പാലിറ്റിയായി ഉയരുന്നത് അടക്കം കണക്കിലെടുത്താണ് പുതിയ ഓഫീസ് മന്ദിരം നിർമിച്ചു വരുന്നത്. ദേശീയപാത 183ന്റെ ഓരത്തായി നിർമാണം കഴിപ്പിച്ചിട്ടുള്ള പുതിയ മന്ദിരത്തിൽ ഡിസംബർ മുതൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചു തുടങ്ങുമെന്നു പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അറിയിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മയിൽ, പഞ്ചായത്തംഗങ്ങൾ, ത്രിതല പഞ്ചായത്ത് മെംബർമാർ, സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മയിൽ, പഞ്ചായത്തംഗങ്ങളായ റിജോ വാളാന്തറ, ബിജു ചക്കാല, വി.എൻ. രാജേഷ്, മഞ്ജു മാത്യു എന്നിവരും പങ്കെടുത്തു.
