കൊട്ടാരക്കര: പൂജ, ദീപാവലി യാത്രാ തിരക്ക് കുറയ്‌ക്കാനായി ചെന്നൈ സെന്‍ട്രലില്‍നിന്ന് ചെങ്കോട്ടയിലേക്ക് അനുവദിച്ചിരുന്ന പ്രത്യേക തീവണ്ടി പുനലൂർ, കൊട്ടാരക്കര, കൊല്ലം വഴി കോട്ടയത്തേക്ക് നീട്ടി. ചെന്നൈ സെന്‍ട്രലില്‍നിന്ന് ചെങ്കോട്ടയിലേക്ക് ഒക്ടോബര്‍ ഒന്ന്, എട്ട്, 15, 22 എന്നീ തീയതികളില്‍ അനുവദിച്ച പ്രത്യേക തീവണ്ടിയാണ് കോട്ടയത്തേക്ക് നീട്ടിയത്. ചെന്നൈ സെന്‍ട്രലില്‍നിന്ന് വൈകീട്ട് 3.10-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06121) പിറ്റേന്ന് ഉച്ചയ്‌ക്ക് 12.05-ന് കോട്ടയത്ത് എത്തും. കോട്ടയത്തുനിന്ന് ഒക്ടോബര്‍ രണ്ട്, ഒന്‍പത്, 16, 23 തീയതികളില്‍ ഉച്ചയ്‌ക്ക് 2.05-ന് തിരിക്കുന്ന തീവണ്ടി(06122) പിറ്റേന്ന് രാവിലെ 11.30-ന് ചെന്നൈ സെന്‍ട്രലിലെത്തും. ഒന്നിന് തിരിക്കുന്ന തീവണ്ടിയിലേക്കുള്ള ടിക്കറ്റുകളുടെ ബുക്കിങ് കഴിഞ്ഞു. മറ്റ് ദിവസങ്ങളിലെല്ലാം ടിക്കറ്റുണ്ട്. എസി ത്രീടിയര്‍ ഇക്കോണമി കോച്ചുകള്‍ മാത്രമുള്ള തീവണ്ടിയാണിത്. കേരളത്തില്‍ പുനലൂര്‍, കൊട്ടാരക്കര, കുണ്ടറ, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുകളുണ്ടാകും,
പൂജ, ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ചെന്നൈയില്‍ കേരളത്തിന്റെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ചെങ്കോട്ട, നാഗര്‍കോവില്‍, കോയമ്പത്തൂര്‍, പോത്തന്നൂര്‍, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്കായി 80-ഓളം പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ചിരുന്നു. എസി ഇക്കോണമി കോച്ചുകളടങ്ങിയ ചെന്നൈ- ചെങ്കോട്ട പ്രത്യേക തീവണ്ടി കോട്ടയത്തേക്ക് നീട്ടിയത്. ഇതില്‍ ഒക്ടോബര്‍ ഒന്നിനൊഴികെ ചെന്നൈ സെന്‍ട്രലില്‍നിന്ന് കോട്ടയത്തേക്കുള്ള മറ്റ് മൂന്ന് പ്രത്യേക സര്‍വീസുകളിലും 600-ലധികം ബെര്‍ത്തുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
