മത്തിക്ക് ‘വംശഹത്യ’; കടലിൽനിന്ന് കോരിയെടുക്കുന്നത് ടൺ കണക്കിന് ചെറുമത്തി

ചാവക്കാട്: ഏതാനും ദിവസങ്ങളായി വള്ളക്കാർ കടലിൽനിന്ന് കോരിയെടുക്കുന്നത് ടൺ കണക്കിന് ചെറുമത്തി. എട്ട് സെന്റിമീറ്റർപോലും വലുപ്പില്ലാത്ത ചെറുമത്തി പിടിക്കാൻ ചെറുതും വലുതുമായ നൂറുകണക്കിന് വള്ളങ്ങളാണ് നിയമം ലംഘിച്ച് ദിവസവും കടലിൽ ഇറങ്ങുന്നത്. ഈ വള്ളങ്ങൾ ഒരാഴ്ചയായി പിടിക്കുന്നത് ദിവസവും 500 കിലോ മുതൽ 5,000 കിലോ വരെ ചെറുമത്തിയാണ്.

കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം 10 സെന്റിമീറ്ററിൽത്താഴെ നീളമുള്ള മത്തി പിടിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. പൂർണ വളർച്ചയെത്തിയ മത്തിക്ക് വിപണിയിൽ കിലോക്ക്‌ 200 രൂപയ്ക്ക് മുകളിൽ വില ലഭിക്കുമെന്നിരിക്കെയാണ് കിലോക്ക്‌ വെറും പത്തോ ഇരുപതോ രൂപ നിരക്കിൽ ചെറുമത്തി വള്ളക്കാരിൽനിന്ന് കച്ചവടക്കാർ എടുക്കുന്നത്. 

ജില്ലയിലെ വള്ളക്കാർക്കു പുറമേ, മലപ്പുറം, എറണാകുളം ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിൽനിന്നുള്ള വള്ളക്കാരും മത്സരിച്ച് മീൻപിടിത്തം നടത്തുന്നുണ്ട്. ചെറുകിട കച്ചവടക്കാർക്കു പുറമേ, വളത്തിനും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കുമായി പൊടിക്കാൻ കമ്പനിക്കാരും ചെറുമത്തി എടുക്കുന്നുണ്ട്.

ഫിഷറീസ്, തീരദേശ പൊലീസ് മറൈൻ എൻഫോഴ്സ്‌മെന്റ് എന്നിവരുടെ സംയുക്തസംഘം അനധികൃത മീൻപിടിത്തക്കാരെ പിടികൂടാൻ കടലിൽ പട്രോളിങ് നടത്തുന്നുണ്ടെങ്കിലും പിടിക്കപ്പെടുന്നതിന്റെയും പിഴയീടാക്കുന്നതിന്റെയും എണ്ണം കുറവാണ്.ചെറുമീൻ പിടിക്കുന്ന വള്ളങ്ങളുടെ പേരിൽ നടപടിയെടുക്കാൻ കഴിയുന്നപോലെ വിൽപ്പനക്കാരുടെ പേരിലും നടപടിയെടുക്കാൻ കഴിയുന്ന തരത്തിൽ നിയമം മാറിയാലേ ഇതു പൂർണതോതിൽ തടയാൻ കഴിയൂവെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ മജീദ് പോത്തന്നൂരാൻ പറഞ്ഞു. ചെറുമീൻ വാങ്ങാൻ ആവശ്യക്കാരുള്ളതുകൊണ്ടാണ് വള്ളക്കാർ പൊടിമീനുകളെപ്പോലും പിടിക്കുന്നത്.  പട്രോളിങ് ഊർജിതമാക്കി നടപടി ശക്തമാക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!