കോട്ടയം: ചാമ്പ്യൻ ബോട്ട് ലീഗിലെ താഴത്തങ്ങാടി വള്ളംകളിയിൽ(കോട്ടയം മത്സര വള്ളംകളി) കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാവ്.
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടനാണ് രണ്ടാം സ്ഥാനം. പുന്നമട ബോട്ട്ക്ലബ് തുഴഞ്ഞ നടുഭാഗംചുണ്ടൻ മൂന്നാമതെത്തി.
മൂന്നു ഹീറ്റ്സുകളിലായി ഒൻപത് ചുണ്ടൻവള്ളങ്ങളാണ് താഴത്തങ്ങാടിയിൽ മാറ്റുരച്ചത്.
ചെറുവള്ളങ്ങളുടെ മത്സരത്തിൽ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ തിരുവാർപ്പ് ബോട്ട് ക്ലബ്ബിൻറെ നെപ്പോളിയൻ ഒന്നാമതെത്തി. കാഞ്ഞിരം ന്യൂ സ്റ്റാറിന്റെ ഷോട്ട് പുളിക്കത്തറയ്ക്കാണ് രണ്ടാം സ്ഥാനം.
വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ കൊണ്ടാക്കൽ ബോട്ട് ക്ലബ്ബിൻറെ പി.ജി. കരിപ്പുഴ ജേതാക്കളായപ്പോൾ അറുപറ ബോട്ട് ക്ലബ്ബിൻറെ ചിറമേൽ തോട്ടുകടവൻ രണ്ടാം സ്ഥാനത്തെത്തി.
ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ പുളിങ്കുന്ന് ടൗൺ ബോട്ട് ക്ലബ്ബിൻറെ മൂന്നു തൈക്കനും ചെന്നിത്തല ടൗൺ ബോട്ട ക്ലബ്ബിൻറെ തുരുത്തിത്തറയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ കൊറുംകോട്ട കെ.ബി.സി.യുടെ താണിയൻ ദ ഗ്രേറ്റ് ജേതാക്കളായപ്പോൾ സിറ്റി ബോട്ട് ക്ലബ്ബിന്റെ ഡാനിയേൽ രണ്ടാം സ്ഥാനം നേടി.
ചുരുളൻ വള്ളങ്ങളുടെ മത്സരത്തിൽ കുമരംകരി ബി.ബി.സിയുടെ വേലങ്ങാടൻ, വേളൂർ പുളിക്കമറ്റം ബോട്ട് ക്ലബ്ബിൻറെ കോടിമത, കുമരകം തോപ്പിൽ പി.ബി.സിയുടെ മൂഴിഎന്നിവ ഒന്നു മുതൽ മൂന്നുവരെ സ്ഥാനങ്ങളിലെത്തി.
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഉദ്ഘാടനം സഹകരണം-രജിസ്‌ട്രേഷൻ-തുറമുഖം വകുപ്പ് മന്ത്രി വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. നാടിന്റെ ഐക്യം വിളിച്ചോതുന്ന ആഘോഷമാണ് താഴത്തങ്ങാടി വള്ളംകളിയെന്ന് അദ്ദേഹം പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എംപി ജലഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ കളക്ടർ ചേതൻകുമാർ മീണ പതാക ഉയർത്തി. വള്ളംകളിയുടെ സുവനീർ ചാണ്ടി ഉമ്മൻ എംഎൽഎ. പ്രകാശനം ചെയ്തു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്യ രാജൻ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.എസ്. അനീഷ് , നഗരസഭാംഗങ്ങളായ ഷേബ മർക്കോസ്, ജിഷ ജോഷി, രാഷ്ട്രീയപാർട്ടി പ്രതിനിധി അഡ്വ. വി.ബി. ബിനു, വള്ളംകളി ജനറൽ കൺവീനർ സുനിൽ എബ്രഹാം, സെക്രട്ടറി സാജൻ പി. ജേക്കബ്, താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷഫീക്ക് ഫാളിൽ മന്നാനി എന്നിവർ പങ്കെടുത്തു.
വിജയികൾക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ കളക്ടർ ചേതൻ കുമാർ മിണ എന്നിവർ സമ്മാനം വിതരണം ചെയ്തു. വള്ളംകളിയോടനുബന്ധിച്ച് കോട്ടയം ബസേലിയസ് കോളജ് എൻ.എസ്.എസ് വിദ്യാർഥികൾ ജങ്കാറിൽ ലഹരിവിരുദ്ധ സന്ദേശ പരിപാടി നടത്തി

താഴത്തങ്ങാടി വള്ളംകളി വേദിയില്‍ വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം അവതരിപ്പിച്ച വോട്ടു ബോട്ട് ശ്രദ്ധ നേടി.
സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്‍റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍റെ(സ്വീപ്) എന്‍റെ വോട്ട് എന്‍റെ അവകാശം എന്ന സന്ദേശമാണ് അലങ്കരിച്ച ബോട്ടില്‍ പ്രദര്‍ശിപ്പിച്ചത്. വോട്ടിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന വിവിധ ഭാഷകളിലുള്ള പാട്ടുകളും ബോട്ടില്‍ ഒരുക്കിയിരുന്നു.
ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ സ്വീപ് മോഡൽ ഓഫീസർ പി.എ. അമാനത്ത്,ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബ കുര്യൻ, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ ഗിരീഷ് കുമാർ, അജിത്ത്, വി.എസ്. രമേശ്, ഇലക്ഷൻ ലിറ്ററസി കോ-ഓര്‍ഡിനേറ്റര്‍ ടി. സത്യൻ എന്നിവരടങ്ങിയ ടീമാണ് സ്വീപ് ബോട്ട് അവതരിപ്പിച്ചത്.