കീം 2025: എംബിബിഎസ്/ബിഡിഎസ് രണ്ടാം റൗണ്ട്; സെപ്റ്റംബർ 30-നകം പ്രവേശനം നേടണം

തിരുവനന്തപുരം : കേരളത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന 2025-ലെ എംബിബിഎസ്/ബിഡിഎസ് പ്രവേശനത്തിന് www.cee.kerala.gov.in -ൽ പ്രസിദ്ധപ്പെടുത്തിയ രണ്ടാം റൗണ്ട് അന്തിമ അലോട്‌മെന്റ് കഴിഞ്ഞപ്പോൾ 59 സർക്കാർ/ സ്വകാര്യ സ്വാശ്രയ, മെഡിക്കൽ/ഡെന്റൽ കോളേജുകളിലായി 6364 പേർക്ക് അഡ്മിഷൻ/അലോട്‌മെന്റ് ലഭിച്ചു.കാസർകോട്, വയനാട് സർക്കാർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 14 സർക്കാർ മെഡിക്കൽ കോളേജുകളും 20 സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളുമടക്കം 34 മെഡിക്കൽ കോളേജുകൾ രണ്ടാംറൗണ്ടിൽ ഉൾപ്പെട്ടിരുന്നു.ഡെന്റൽ വിഭാഗത്തിൽ ആറ്‌ സർക്കാർ ഡെന്റൽ കോളേജുകളിലേക്കും 19 സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജുകളിലേക്കും അലോട്‌മെന്റ് നടത്തി.

രണ്ടാം റൗണ്ട് അലോട്‌മെന്റ് കഴിഞ്ഞപ്പോൾ എംബിബിഎസിന് സർക്കാർ മെഡിക്കൽ കോളേജുകളിൽ സ്റ്റേറ്റ് മെറിറ്റിൽ 861 വരെ കേരള മെഡിക്കൽ റാങ്കുള്ളവർക്കും സ്വകാര്യ സ്വാശ്രയ വിഭാഗത്തിൽ സ്റ്റേറ്റ് മെറിറ്റിൽ 10,108 വരെ കേരള മെഡിക്കൽ റാങ്കുള്ളവർക്കും അലോട്‌മെന്റ് ലഭിച്ചു. ബിഡിഎസിന് അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്കുകൾ: 3648 (ഗവ.), 29,722 (സ്വാശ്രയം) ആണ്.ഈ രണ്ടു കോഴ്സുകളിലെയും ഇരുവിഭാഗം കോളേജുകളിലെ വിവിധ മാൻഡേറ്ററി സംവരണ വിഭാഗങ്ങളിലെ രണ്ടാംറൗണ്ട് സംസ്ഥാനതല അവസാന റാങ്കുകൾക്ക് പട്ടിക ഒന്ന് കാണുക.

സർക്കാർവിഭാഗം എംബിബിഎസിൽ വിവിധ സ്പെഷ്യൽ റിസർവേഷൻ, ഭിന്നശേഷി സംവരണം എന്നിവയിലെ രണ്ടാംറൗണ്ട് സംസ്ഥാനതല അവസാന റാങ്കുകൾക്ക് പട്ടിക രണ്ട് കാണുക.സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ അഖിലേന്ത്യാ, മൈനോറിറ്റി, എൻആർഐ സീറ്റുകളിലെ രണ്ടാം റൗണ്ട് സംസ്ഥാനതല അവസാന റാങ്കുകൾക്ക് പട്ടിക മൂന്ന് കാണുക.

അലോട്‌മെന്റ് ലഭിച്ചവർ അവരുടെ ഹോം പേജിൽനിന്ന്‌ അലോട്‌മെന്റ് മെമ്മോ ഡൗൺലോഡുചെയ്ത് പ്രിന്റ് ഔട്ട് എടുക്കണം. അപേക്ഷാർഥിയുടെ അടിസ്ഥാനവിവരങ്ങൾ ഉൾപ്പെടുന്ന ഡേറ്റാ ഷീറ്റും ഹോം പേജിൽനിന്ന്‌ ഡൗൺലോഡ് ചെയ്യണം.അലോട്മെന്റ് ലഭിച്ചവർ ഫീസ് അടച്ച് അലോട്മെന്റ് മെമ്മോ, ഡേറ്റാ ഷീറ്റ്, കീം 2025 പ്രോസ്പെക്ടസ് ക്ലോസ് 11.7.1-ൽ (പേജ് 93) നൽകിയിട്ടുള്ള പട്ടികപ്രകാരമുള്ള രേഖകൾ എന്നിവ സഹിതം അലോട്മെന്റ് ലഭിച്ച കോളേജിൽ ഹാജരായി സെപ്‌റ്റംബർ 30-ന് വൈകീട്ട് നാലിനകം പ്രവേശനം നേടണം.

എസ്‌സി/എസ്‌ടി/ഒഇസി വിഭാഗക്കാരും വിജ്ഞാപനത്തിൽ സൂചിപ്പിച്ച മറ്റുചില വിഭാഗക്കാരും പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ പേരിൽ ടോക്കൺ ഫീ അടയ്ക്കേണ്ടതില്ല. അവർക്ക് സ്വാശ്രയ കോളേജിലെ മൈനോറിറ്റി/എൻആർഐ ക്വാട്ടയിൽ ആണ് അലോട്മെന്റ് ലഭിച്ചതെങ്കിൽ അലോട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയ തുക അടയ്ക്കണം. ഇവർക്ക് ഈ സീറ്റുകളിൽ ഫീസ് ഇളവിന് അർഹത ഉണ്ടാകില്ല.

സമയപരിധിക്കകം പ്രവേശനം നേടാത്തവരുടെ അലോട്‌മെന്റും സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകും. പ്രവേശനം നേടാത്തവരുടെയും പ്രവേശനം നേടിയശേഷം സീറ്റ് ഉപേക്ഷിക്കുന്നവരുടെയും ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീ പിഴയായി പരിഗണിച്ച് തിരികെനൽകില്ല.സ്പോൺസർ നൽകിയ ‘സ്‌വോൺ അഫിഡവിറ്റ്’ അപ്‌ലോഡ് ചെയ്ത എൻആർഐ വിഭാഗക്കാർക്ക് ഈ ഘട്ടത്തിൽ എൻആർഐ വിഭാഗത്തിൽ അലോട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ അത് താത്‌കാലിക അലോട്മെന്റായി കണക്കാക്കും. ഇവർ പ്രവേശനപരീക്ഷാ കമ്മിഷണർ നിശ്ചയിച്ച അവസാന തീയതിക്കുമുൻപ്‌ സാധുവായ രേഖകൾ അപ്‌ലോഡ് ചെയ്ത് ന്യൂനത പരിഹരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!