കാഞ്ഞിരപ്പള്ളി: കേരള കോൺഗ്രസ് പാർട്ടി നേതാവും ശബ്ദകലാകാരനുമായിരുന്ന വിഴിക്കത്തോട് ജയകുമാർ അന്തരിച്ചു. പതിറ്റാണ്ടോളം കേരള കോൺഗ്രസ് പാർട്ടിയുടെ നാവായിരുന്നു വിഴിക്കത്തോട് ജയകുമാർ. പാർട്ടി നിർമിച്ചു കൊടുക്കുന്ന വീടിന്‍റെ നിർമാണം പൂർത്തിയാകുന്നതിനു മുന്പേ അദ്ദേഹത്തിന് വിട പറയേണ്ടി വന്നു. കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റിയംഗം, സർഗവേദി സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ കൺവീനർ, യൂത്ത്ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പ്രഫ. നാരായണകുറുപ്പ്, കെ.എം. മാണി, റോഷി അഗസ്റ്റിൻ, ഡോ.എൻ. ജയരാജ്, ജോസ് കെ. മാണി തുടങ്ങിയവരുടെ മുഖ്യ അനൗൺസർ എന്ന നിലയിലും കേരളത്തിൽ കേരള കോൺഗ്രസ് പാർട്ടി നടത്തിയ യാത്രകളിലും ശബ്ദ കലാകാരൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു വിഴിക്കത്തോട് ജയകുമാർ. ”കൈരളിയും കർണ്ണാടകവും കൈകോർത്ത് ഉറങ്ങുന്ന കാസർകോടേ ശ്രീ മല്ലിക അർജുനക്ഷേത്ര പരിസരത്തു നിന്നും കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പ്രിയങ്കരനായ കെ.എം. മാണിസാർ നയിക്കുന്ന യാത്ര” എന്ന് തുടങ്ങുന്ന അനൗൺസ്മെൻ്റ് കേരളത്തിലെ 14 ജില്ലകളിലും മുഴങ്ങിയത് വിഴിക്കത്തോട് ജയകുമാരിൻ്റെ ശബ്ദത്തിലായിരുന്നു.
ഇലക്ഷൻ കാലഘട്ടങ്ങളിൽ കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ ജയകുമാറിന്‍റെ ശബ്ദമായിരുന്നു മുഴങ്ങിക്കൊണ്ടിരുന്നത്. ആ നാവിൽ കളിയാടിയിരുന്ന ശബ്ദസരസ്വതിയിൽ ജനം രോമാഞ്ചം കൊണ്ടിരുന്നു. കാലം കടന്നുപോയപ്പോൾ സ്ഥാനാർഥികൾ മാറിയെങ്കിലും അനൗൺസ്മെന്‍റ് നടത്താൻ വിഴിക്കത്തോട് ജയകുമാർ തന്നെയായിരുന്നു. നിയമസഭ, പഞ്ചായത്ത് ഇലക്ഷനുകൾ വരാനിരിക്കെ ജയകുമാറിന്‍റെ വേർപ്പാട് എല്ലാ ജനപ്രതിനിധികളെയും വിഴിക്കത്തോട് നിവാസികളെയും വേദനയിലാഴ്ത്തി.

സംസ്കാരം നാളെ 27/9 ശനിയാഴ്ച രാവിലെ 11 മണിക്ക് വിഴിക്കത്തോട് പരുന്തുംമലയിലു ള്ള വീട്ടുവളപ്പിൽ
ഭാര്യ സുസ്മിത, മക്കൾ നിരഞ്ജൻ, ധനഞ്ജയ്