കൊച്ചി: ഭിന്നശേഷി കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തൃശൂര്‍ കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ തസ്തികയില്‍ ഭിന്നശേഷിക്കാരിയെ പുനഃസ്ഥാപിക്കണമെന്ന ഇടക്കാല നിര്‍ദേശം പാലിക്കാത്തതിനെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമർശനം നടത്തിയിരുന്നു.
ഭിന്നശേഷി കമ്മീഷന്, ഹൈക്കോടതി ഉത്തരവുകള്‍ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കിയതായി സ്പെഷല്‍ സെക്രട്ടറി അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഉത്തരവ് നടപ്പാക്കാത്തതെന്നും വിശദീകരിച്ചു. ഈ നടപടിയെ വിമര്‍ശിച്ച കോടതി ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കാനായി മാറ്റുകയായിരുന്നു.
സെക്രട്ടറി സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ മന്ത്രിസഭയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് സൂചിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് കോടതി വിര്മശനമുന്നയിച്ചത്. കോടതി ഉത്തരവുള്ളപ്പോള്‍ മന്ത്രിസഭയുടെ തീരുമാനമെന്തിനെന്ന് വിശദീകരിക്കാന്‍ തദ്ദേശ സ്ഥാപന സ്പെഷല്‍ സെക്രട്ടറി ടി.വി. അനുപമയോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ മുഖേന ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി.
പാര്‍ട്ട് ടൈം ലൈബ്രേറിയനായിരുന്ന ഹര്‍ജിക്കാരിയെ ഓണറേറിയം അടിസ്ഥാനത്തില്‍ ലൈബ്രേറിയന്‍ തസ്തികയിലേക്ക് മാറ്റിയ നടപടി പിന്‍വലിച്ച് ആദ്യ തസ്തികയില്‍ തുടരാന്‍ അനുവദിക്കണമെന്ന ഭിന്നശേഷി കമ്മീഷന്റെ ഉത്തരവും പിന്നീട് ഇത് നടപ്പാക്കാനുള്ള ഹൈക്കോടതി ഉത്തരവും പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.