വോട്ടര്‍പട്ടികയില്‍ ഇ സൈൻ നിര്‍ബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ.

 തിരുത്തലുകൾക്കും മാറ്റങ്ങൾക്കും ആധാർ -വോട്ടർ കാർഡുകളിൽ പേര് ഒന്നായിരിക്കണം ,മൊബൈൽ ഓ ടി പി നിർബന്ധം 

ന്യൂ ദൽഹി :തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലും ആപ്പും വഴി ഇനി ഓണ്‍ലൈനായി വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതിന് ഇ സൈൻ നിർബന്ധമാക്കി.

സ്വന്തം ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പർ  ഉപയോഗിച്ച്‌ മാത്രമേ ഇനി മുതല്‍ ഓണ്‍ലൈനായി വോട്ടർ പട്ടികയില്‍ പേര് ചേർക്കാനും നീക്കം ചെയ്യാനും തിരുത്തല്‍ വരുത്താനും കഴിയുകയുള്ളു.

ഓണ്‍ലൈനിലൂടെ വ്യാപകമായി വോട്ടർ പട്ടികയില്‍ ക്രമക്കേട് നടത്തുന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ പരിഷ്ക്കാരം.

നേരത്തെ വോട്ടർ തിരിച്ചറിയല്‍ കാർഡിലെ നമ്പറുമായി ഏതെങ്കിലും ഒരു ഫോണ്‍ നമ്പർ  ബന്ധിപ്പിച്ച ശേഷം ഓണ്‍ലൈനായി വോട്ടർപട്ടികയില്‍ പേര് ചേർക്കാനും നീക്കാനും സാധിക്കുമായിരുന്നു. ഫോണ്‍ നമ്പർ  സംബന്ധിച്ച പരിശോധന ഇല്ലാതിരുന്നതിനാല്‍ വ്യാപകമായ ക്രമക്കേട് നടന്നിരുന്നു. കർണാടകയിലെ അലന്ദ് മണ്ഡലത്തില്‍ ഇത്തരത്തില്‍ 6,000 ത്തിലധികം പേരുകള്‍ നീക്കം ചെയ്തിരുന്നതായി രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രമക്കേട് തടയുന്നതിന് പുതിയ നടപടി തെരെഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയത്.

വോട്ടർപട്ടികയില്‍ പേര് ചേർക്കുന്നതിന് ഫോം 6 പൂരിപ്പിക്കേണ്ടതാണ്. വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നത് എതിർക്കുന്നതിനും പേര് നീക്കം ചെയ്യാനും പൂരിപ്പിക്കേണ്ടത് ഫോം 7 ആണ്. തിരുത്തല്‍ വരുത്തുന്നതിന് പൂരിപ്പിക്കേണ്ടത് ഫോം 8 ആണ്.

ഈ ഫോമുകളിലെയും നടപടിക്രമങ്ങള്‍ പൂർത്തിയാക്കുന്നതിന് ആണ് ഇ സൈൻ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധമാക്കിയത്. അതായത് ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പർ  ഉപയോഗിച്ച്‌ മാത്രമേ ഇനി മുതല്‍ ഈ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ സാധിക്കുകയുള്ളു.

ഗ്രാമീണമേഖലയിൽ ഉള്ളവരാണ് കൂടുതലും ബുദ്ധിമുട്ടേണ്ടിവരുക .ഇവരിൽ ബഹുഭൂരിപക്ഷത്തിന്റെയും  ആധാറിലെ പേരും വോട്ടർ ഐഡി യിലെ പേരും വ്യത്യസ്തതയുള്ളതായിരിക്കും .പലർക്കും ആധാർ കാർഡിൽ പേരിന്റെ കൂടെ ഇനിഷ്യൽ ഉണ്ടെങ്കിൽ വോട്ടർ ഐഡി യിൽ പേര് മാത്രമേ കാണൂ .പലർക്കും സർനെയിം കാണില്ല ,ഇത്തരം കേസുകളിൽ തിരുത്തലും മാറ്റങ്ങളും ബുദ്ധിമുട്ടുണ്ടാക്കും .ആധാറിലെ പേരും വോട്ടർ ഐഡി കാർഡിലെ പേരും രണ്ടാണെങ്കിൽ ഇ സൈൻ വഴി ഓ ടി പി വരുകയില്ല .ഇക്കാര്യത്തിൽ ഇലെക്ഷൻ കമ്മീഷൻ മറ്റുവഴികൾ കണ്ടെത്തണമെന്നാണ് ആവശ്യം .ഇ സൈൻ ഫിംഗർ ,ഐറിസ് സ്കാൻ വഴിയാക്കുകയാണെങ്കിൽ പ്രശ്നപരിഹാരം ഉണ്ടാക്കാവുന്നതേ ഉള്ളു .ഇതോടൊപ്പം പേര് കറക്റ്റ് ചെയ്യുന്നതിനുള്ള ഓപ്ഷൻ കൂടി ചേർക്കാവുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!