കൊച്ചി : ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ കേരളത്തില്‍ തിരിച്ചെത്തി. ബുധനാഴ്ച ഉച്ചയോടെ അദ്ദേഹം കൊച്ചിയില്‍ വിമാനമിറങ്ങി. ഒരു നടന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമായി താന്‍ ഫാല്‍ക്കെ പുരസ്‌കാരത്തെ കാണുന്നുവെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
‘രണ്ടും ക്ലാസിക്കല്‍ ആര്‍ട്ട് അല്ലേ. അതുകൊണ്ടായിരിക്കാം രാഷ്ട്രപതി ‘വാനപ്രസ്ഥ’വും ‘കര്‍ണഭാര’വും എടുത്ത് പറഞ്ഞത്. ഒന്ന് സംസ്‌കൃത നാടകമാണ്, മറ്റൊന്ന് ത്രീ ഡയമെന്‍ഷണല്‍ ആര്‍ട്ട് ആണ്. സാധാരണ സിനിമയില്‍ ഒരുപാട് പേര് അങ്ങനെ ചെയ്യാറില്ല. അതുകൊണ്ടായിരിക്കാം എടുത്തുപറഞ്ഞത്’, പുരസ്‌കാരദാനച്ചടങ്ങില്‍ രാഷ്ട്രപതി ‘കര്‍ണഭാരം’ നാടകത്തേയും ‘വാനപ്രസ്ഥം’ ചിത്രത്തേയും എടുത്ത് പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തോട് മോഹന്‍ലാല്‍ പ്രതികരിച്ചു.
‘എല്ലാം വളരേ നന്നായിരുന്നു. നല്ലകാര്യം. ഒരു നടന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ പുരസ്‌കാരത്തെ കാണുന്നു. ആ ഭാഗ്യം ഞാന്‍ നിങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുമായി പങ്കുവെക്കുന്നു’- മാധ്യമപ്രവര്‍ത്തകരോട് മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാല്‍ ഉഗ്രന്‍ നടനാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ചടങ്ങില്‍ മലയാളത്തില്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തോട്, അദ്ദേഹം അത് പഠിച്ചുവന്നതാണെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. വകുപ്പ് സെക്രട്ടറി സഞ്ജയ് ജോജുവും തന്റെ പ്രസംഗത്തില്‍ മോഹന്‍ലാലിനെ ലാലേട്ടനെന്ന് വിശേഷിപ്പിച്ചിരുന്നു. സംസ്‌കൃത നാടകത്തില്‍ കര്‍ണനായി മോഹന്‍ലാല്‍ വേഷമിട്ടുവെന്നറിഞ്ഞത് തന്നെ അതിശയിപ്പിച്ചെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞിരുന്നു.