ആയുർവേദത്തെ ലോകം മുഴുവൻ അംഗീകരിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി : ആരോഗ്യസംരക്ഷണത്തിലും രോഗപ്രതിരോധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചികിത്സാരീതിയായ ആയുർവേദത്തെ ലോകം മുഴുവൻ അംഗീകരിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പാറേമാവ് ആയുർവേദ ആശുപത്രിയിലെ അസ്ഥിസന്ധിരോഗ വിഭാഗത്തിനായുള്ള പ്രത്യേക ക്ലിനിക്കിന്റെയും നവീകരിച്ച നേത്രചികിത്സാ വിഭാഗത്തിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ പത്താമത് ദേശീയ ആയുർവേദ ദിനാഘോഷ പരിപാടികളുടെയും പ്രമേഹരോഗികൾക്കായുള്ള സ്‌പെഷ്യാലിറ്റി ഡയബറ്റിക്ക് ക്ലിനിക്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജി. സത്യൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ദിനാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആശുപത്രിയിൽ നടക്കുന്നത്. പ്രമേഹരോഗികൾക്കായി പ്രത്യേക ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വിതരണവും ഇതോടൊപ്പം സംഘടിപ്പിച്ചു. ആരോഗ്യകരവും രുചികരവുമായ വിഭവങ്ങൾ ഉൾപ്പെടുത്തിയ പാചകമത്സരവും സംഘടിപ്പിക്കും. ഹയർസെക്കൻഡറി തലത്തിലുള്ള പെൺകുട്ടികൾക്ക് വിളർച്ചാ പരിശോധനാക്യാമ്പ് നടത്തും. സ്‌കൂൾതലത്തിൽ പ്രബന്ധ രചനാമത്സരവും ആയുർവേദ ഔഷധപരിചയ ക്വിസ് മത്സരവും ഉണ്ടാകും. സ്‌കൂളുകളിൽ ഔഷധസസ്യങ്ങൾ നട്ടുവളർത്തുന്ന പരിപാടിയും ഇതിന്റെ ഭാഗമായി നടക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ട്രൈബൽ മേഖലകളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകളും ദിനാഘോഷത്തോടനുബന്ധിച്ചു നടക്കും. യോഗത്തിൽ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സി.എം. ഹരിമോഹൻ, ആശുപത്രി വികസനസമിതി അംഗങ്ങളായ എ.പി. ഉസ്മാൻ, സണ്ണി ഇല്ലിക്കൽ, ഡോ. ആനന്ദ്, ഡോ. ദീപക്, ഡോ. ധന്യ, ഡോ. ശരണ്യ, ഡോ. ജ്യോതിസ്, യോഗ പരിശീലകൻ ദീപു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!