മുണ്ടക്കയം : കോരുത്തോട് പഞ്ചായത്തിന്റെ വനാർതിർത്തി മേഖലകളിൽ നാശംവിതച്ചിരുന്ന കാട്ടുപന്നികൾ ടൗണിലേക്കും എത്തിത്തുടങ്ങി. ടൗണിനോട് ചേർന്ന് പൂവക്കുളം ജോഷി കന്നേപ്പറമ്പിൽ, കെ.ടി.പ്രദീപ്, ഓലിക്കൽ ജോസ് എന്നിവരുടെ കപ്പ, വാഴ കൃഷികളാണ് പന്നിക്കൂട്ടം കുത്തിമറിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പൂവക്കുളം പോൾ, ചാത്തനാട്ട് റെന്നി മാത്യു, ചരിവുപറമ്പിൽ അച്ചൻകുഞ്ഞ്, പൂക്കുളം ജോൺസൺ എന്നിവരുടെ കപ്പയും മറ്റ് കൃഷികളും നശിപ്പിച്ചിരുന്നു. ഇതോടെ കർഷകർ ആശങ്കയിലാണ്. കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവയ്ക്കാൻ ഉത്തരവിടാൻ പഞ്ചായത്ത് പ്രസിഡന്റിന് അധികാരം ഉണ്ടെങ്കിലും വിനിയോഗിക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു. രാത്രി സമയങ്ങളിലും ശബരിമല തീർത്ഥാടകർ ഉൾപ്പടെ നിരവധിപ്പേരാണ് ഈ പാതയിലൂടെ കടന്നുപോകുന്നത്. വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും പരാതികൾ സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നത്.