കൊല്ലം : രണ്ട് മിനിറ്റോളം നീണ്ട ഫെയ്സ്ബുക്ക് ലൈവാണ് പുനലൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഐസക് പങ്കുവെച്ചത്. ‘വളരെ വിഷമകരമായ കാര്യമാണ് ഞാൻ പറയുന്നത്, എന്റെ ഭാര്യയെ കൊന്നുകളഞ്ഞു’ എന്നാണ് താൻ ചെയ്ത ക്രൂരതയേക്കുറിച്ച് വീഡിയോയിൽ ഐസക് വിവരിക്കുന്നത്.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവന്ന വീഡിയോയിൽനിന്ന് വ്യക്തമാകുന്നത്. മൂത്തമകൻ കാൻസർ രോഗിയാണെന്നും കുട്ടികളുടെ കാര്യത്തിൽ ഭാര്യയ്ക്ക് ശ്രദ്ധയില്ലെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുന്നതിൽ തനിക്ക് എതിർപ്പുണ്ടെന്നും എന്നാൽ, അതുമായി ഭാര്യ മുന്നോട്ടുപോയെന്നും വീഡിയോയിൽ ആരോപിക്കുന്നുണ്ട്.
കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. ശാലിനിയുടെ വീട്ടിൽ എത്തിയ ഐസക് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.