തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്കത്തിൽ വന്ന കുറവ് നിയമസഭയിൽ അടിയന്തര പ്രമേയമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം സ്പീക്കർ എ.എൻ. ഷംസീർ നിരാകരിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
ശബരിമല ശ്രീകോവിലിന്റെ സ്വർണ്ണപ്പാളി ഉരുക്കാൻ കൊണ്ടുപോകുമ്പോൾ 42 കിലോ തൂക്കമുണ്ടായിരുന്നെന്നും എന്നാൽ ഒന്നര മാസത്തെ കാലതാമസത്തിന് ശേഷം ഇതിൽ നാല് കിലോ കുറഞ്ഞെന്നും പ്രതിപക്ഷം ആരോപിച്ചു.
ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിൻ്റെ പശ്ചാത്തലത്തിൽ വിഷയം അതീവ ഗൗരവമുള്ളതാണെന്നും കേരളത്തിലെ വിശ്വാസി സമൂഹം ചർച്ച ചെയ്യുന്ന ഈ വിഷയത്തിലെ യാഥാർത്ഥ്യം പൊതുജനം അറിയണമെന്നും പ്രതിപക്ഷം വാദിച്ചു. മുൻപും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ സഭ ചർച്ച ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.