ടോക്കിയോ : ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നിലനിര്‍ത്താനായി നിലവിലെ ചാമ്പ്യനും ഇന്ത്യയുടെ ജാവലിൻ ത്രോ സൂപ്പര്‍ താരവുമായ നീരജ് ചോപ്ര ഇന്നു ഫീല്‍ഡില്‍ ഇറങ്ങും.ബുധനാഴ്ച നടന്ന യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ത്തന്നെ ഫൈനല്‍ ടിക്കറ്റെടുത്താണ് നീരജിന്റെ വരവ്. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയില്‍ മത്സരിച്ച നീരജ് ചോപ്ര, ആദ്യ ഏറില്‍ 84.85 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചു. ഫൈനലിലേക്കുള്ള യോഗ്യതാ മാര്‍ക്ക് 84.50 മീറ്റര്‍ ആയിരുന്നു.
തുടര്‍ച്ചയായ രണ്ടാം ലോക ചാമ്പ്യന്ഷിലും സ്വര്‍ണം നേടുക എന്ന ലക്ഷ്യമാണ് നീരജ് ചോപ്രയ്ക്കുള്ളത്. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.53 മുതലാണ് പുരുഷ വിഭാഗം ജാവലിന്‍ത്രോ ഫൈനല്‍ പോരാട്ടം. 2023 ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 88.17 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഇന്ത്യക്കായി ചരിത്ര സ്വര്‍ണം സ്വന്തമാക്കിയത്.