കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ അയൽ ജില്ലകളിൽ നിന്നുൾപ്പെടെ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികളുടെ ദുരിതങ്ങൾ അവസാനിക്കുന്നില്ല. വിവിധ വാർഡുകളിൽ കിടക്കകളുടെ അഭാവം രോഗികളെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. കാർഡിയോളജി വിഭാഗത്തിലും ജനറൽ മെഡിസിൻ വിഭാഗത്തിലും ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കടക്കം കിടക്കകളില്ലാത്ത അവസ്ഥയാണ്. കിടക്കകൾ ഇല്ലാത്തതിനാൽ വാർഡിലെ കട്ടിലിന്റെ അടിയിലും വരാന്തയിലും കിടക്കേണ്ട സ്ഥിതിയാണ്.ഒരു ബെഡിൽ രണ്ടുപേർ.
കാർഡിയോളജി വിഭാഗത്തിൽ ആൻജിയോഗ്രാം ചെയ്തു വരുന്ന രോഗികൾക്കും ബെഡുകൾ ഇല്ല. രണ്ട് പേർ വീതമാണ് ഒരു ബഡിൽ കിടക്കുന്നത്. കൂട്ടിരിപ്പുകാർക്കും കിടക്കാനും ഇരിക്കാനും സ്ഥലമില്ല. രോഗികൾ തറയിൽ കിടക്കുന്നത് ഇൻഫെക്ഷന് വരെ ഇടയാക്കുന്നു. അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ചെങ്കിൽ മാത്രമെ രോഗികളുടെ പ്രതിസന്ധി മറികടക്കാൻ സാധിക്കുകയുള്ളു. കാർഡിയോളജി വിഭാഗത്തിൽ വിദഗ്ദ്ധ ചികിൽസ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. ആശുപത്രിയിലെ മറ്റ് വിഭാഗങ്ങളിലെ സ്ഥിതിയും ഇതുതന്നെയാണ്.
നിലവിലെ കാർഡിയോളജി ബ്ലോക്കിന് സമീപത്തായി 36 കോടി രൂപ ചെലവിൽ പണികഴിപ്പിക്കുന്ന പുതിയ കാർഡിയോളജി ബ്ലോക്കിന്റെ നിർമ്മാണം വൈകുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം. പുതിയ കെട്ടിടത്തിൽ പേ വാർഡ് അടക്കം ഉണ്ടാകുമെന്നാണ് വിവരം.