പൊന്നുരുക്കി പണിതൊരുക്കിയ സുവർണകാലം


മലപ്പുറം : മൺചട്ടിയിൽ ഉമിനിറച്ച നെരിപ്പോടിൽ ചിരട്ടക്കനൽ ജ്വലിപ്പിച്ച് മുളങ്കുഴൽകൊണ്ട് ഊതി പൊന്നുരുക്കും. ഇതുകൊണ്ടാണ് ആഭരണമുണ്ടാക്കുക. കുന്നിക്കുരുവും പൊൻകാരവും ഓട്ടുകഷണത്തിന്റെ ചാലിലിട്ട് ചേർത്തരച്ച് സ്വർണക്കമ്പികളും പൊള്ളകളും അരിമ്പുകളുമൊക്കെ വിളക്കിച്ചേർക്കും. പിന്നെ അത് അടിച്ചുപരത്തി നേർമയുറ്റ സ്വർണനൂൽക്കമ്പിയാക്കും. ഇന്ന് അതൊരു വർണക്കിനാവു മാത്രമാണ് പരമ്പരാഗത സ്വർണപ്പണിക്കാർക്ക്.

സ്വർണാഭരണങ്ങൾ നിർമിക്കാൻ ശേഷിയുള്ളത് ഏതു വിഭാഗത്തിൽപ്പെട്ടവരായാലും ആഭരണനിർമാണം നടത്തിയിരുന്നത് തട്ടാൻമാർ എന്നറിയപ്പെടുന്ന വിശ്വകർമവിഭാഗത്തിൽപ്പെട്ടവർ തന്നെയായിരുന്നു.പൊൻചിറ്റ്, കുമ്മറ്, കൊരലാരം, ചങ്കേലസ്സ്, കാതില, മണിക്കാതില, ചക്രമാല തുടങ്ങി പലതരം ആഭരണങ്ങൾ, നാഗഫണത്താലി, പൂത്താലി, ഇളക്കത്താലി തുടങ്ങി പലതരം താലികൾ തുടങ്ങി സവിശേഷമായ ഒട്ടേറെ ആഭരണങ്ങൾ നാട്ടിലെ സ്വർണപ്പണിക്കാർ നിർമിച്ചിരുന്നു.

ഹൈന്ദവ തറവാടുകളിൽ സ്ത്രീകൾ പ്രത്യേകം ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കുകയും വിശേഷാവസരങ്ങളിൽ ധരിക്കുകയും പതിവായിരുന്നു. എങ്കിലും വിവാഹവേളയിൽ വളരെക്കൂടുതൽ സ്വർണം ഹിന്ദുക്കൾക്കിടയിൽ അത്ര വ്യാപകമായിരുന്നില്ല മുൻകാലങ്ങളിൽ.പത്തു തോലയുടെ (116.640ഗ്രാം) സ്വർണക്കട്ടിക്ക് 900 രൂപയുണ്ടായിരുന്ന കാലത്തും പെൺമക്കളുടെ നിക്കാഹിന് 101 പവൻ സ്വർണാഭരണങ്ങൾ അണിയിക്കുന്ന രീതിയുണ്ടായിരുന്നു പൊന്നാനി മുതൽ വടക്കോട്ട് മലബാറിലെ മുസ്‌ലിംവീടുകളിൽ.

എന്നാൽ, ആഭരണനിർമാണത്തിൽ ഏതാണ്ട് സമ്പൂർണമായി യന്ത്രവത്കരണം വന്നതോടെ പരമ്പരാഗത സ്വർണപ്പണിക്കാർ ആഭരണ നിർമാണ-വിപണന മേഖലയിൽനിന്ന് പുറന്തള്ളപ്പെടുന്ന സ്ഥിതിയാണുള്ളത്. പ്രധാൻമന്ത്രി വിശ്വകർമയോജന പോലുള്ള പദ്ധതികളുടെ ഭാഗമായി പരമ്പരാഗത ആഭരണനിർമാണ വിദഗ്ധർക്ക് പുതിയ അവസരങ്ങൾ തുറക്കാനുള്ള പദ്ധതികളുണ്ടാകണമെന്നാണ് മേഖലയിലുള്ളവരുടെ ആവശ്യം.

പരമ്പരാഗതമായി നിർമിച്ച പഴയ സ്വർണാഭരണങ്ങൾക്ക് സ്വർണവിലയേക്കാൾ കൂടിയ മോഹവില നൽകി സ്വന്തമാക്കാൻ വിദേശങ്ങളിൽനിന്നുപോലും ആളുകൾ എത്തുന്നുണ്ടെന്ന് എൻ.വി. പ്രകാശും ബാലനും പറഞ്ഞു.കുന്നിക്കുരുകൊണ്ടു തൂക്കി സ്വർണമെടുത്ത് സൂക്ഷ്മഭംഗിയോടെ പണിതൊരുക്കുന്ന ആ വൈദഗ്ധ്യമുള്ള സ്വർണപ്പണിക്കാർ ഇന്നും അവിടവിടെ ബാക്കിയുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!