തൃശൂരിൽ റീൽസെടുക്കാൻ ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട്പൊട്ടിച്ച യുവാവിന്റെ കൈപ്പത്തി തകർന്നു

തൃശൂർ : ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച യുവാവിന്റെ കൈപ്പത്തി തകർന്നു. മണത്തല ബേബി റോഡ് ആലുങ്ങൽ വീട്ടിൽ സൽമാൻ ഫാരിസ് ആണ് ഗുണ്ട് പൊട്ടിച്ചത്. വലതുകൈപ്പത്തി തകർന്ന സൽമാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് റീൽസ് ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. വീഡിയോ എടുക്കുന്നതിനായി അഞ്ച് യുവാക്കളാണ് ലൈറ്റ് ഹൗസിന് മുകളിൽ കയറിയത്. സുഹൃത്തിന്റെ വിവാഹത്തിന് ഉപയോഗിച്ച് ബാക്കിവന്ന ഗുണ്ടും ഇവരുടെ കൈവശം ഉണ്ടായിരുന്നു. ലൈറ്റ് ഹൗസിന് മുകളിൽ നിന്ന് കത്തിച്ചെറിയുന്നതിന്റെ വീഡിയോ ചിത്രീകരിക്കാനായിരുന്നു ഇവരുടെ ശ്രമം.

കടലിനോട് ചേർന്ന ലൈറ്റ് ഹൗസിൽ ശക്തിയേറിയ കാറ്റുണ്ടായിരുന്നതിനാലാണ് തിരികത്തിച്ച ഉടനെ അപ്രതീക്ഷിതമായി ഗുണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു. വലിച്ചെറിയുന്നതിന് മുമ്പേ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി. പരിക്കേറ്റ യുവാവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. നാലുപേരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ലൈറ്റ് ഹൗസിന് മുകളിൽ കയറി സ്‌‌ഫോടക വസ്‌തുക്കൾ പൊട്ടിക്കുക എന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!