ന്യൂഡൽഹി : വ്യക്തിഗത ചാറ്റിന് മാത്രമല്ല, ഔദ്യോഗിക ആശയവിനിമയങ്ങള്‍ക്കും, സൗഹൃദ കൂട്ടായ്മകള്‍ക്കുമെല്ലാം വാട്‌സാപ്പ് ഉപയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ പല ഗ്രൂപ്പുകളിലും നിരന്തരം സന്ദേശങ്ങള്‍ വരുന്നുണ്ടാവും.വാട്‌സാപ്പ് ഗ്രൂപ്പുകളിലെ മെസേജുകള്‍ ഓരോന്നും വായിച്ചെടുക്കുക പ്രയാസമാണ്. ഒരാള്‍ അയച്ച സന്ദേശത്തിന്റെ മറുപടികള്‍ മറ്റ് പല സന്ദേശങ്ങള്‍ക്കും ഇടയിലായിരിക്കും ചിലപ്പോള്‍ റിപ്ലൈ മെസേജായി വരുന്നത്. ഒരിക്കല്‍ വായിച്ച മറുപടികള്‍ പിന്നീട് ചാറ്റ് തുറന്ന് കണ്ടുപിടിക്കുക പ്രയാസകരമാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ പുത്തന്‍ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്.
പുതിയ ഫീച്ചറിന്റെ സഹായത്തോടെ വാട്‌സാപ്പില്‍ വരുന്ന മെസേജ് റിപ്ലൈകള്‍ ഒരോ ത്രെഡ്ഡായി ചാറ്റിൽ കാണിക്കും. അതായത് ഒരു ഗ്രൂപ്പില്‍ നിങ്ങള്‍ അയച്ച സന്ദേശത്തിന്റെ മറുപടികളെല്ലാം ആ സന്ദേശത്തിന് കീഴില്‍ തന്നെ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടാവും. സന്ദേശത്തിന് കീഴിൽ എത്ര മറുപടികൾ വന്നിട്ടുണ്ടെന്ന് കാണാം. അതില്‍ ടാപ്പ് ചെയ്താൽ പുതിയ വിന്‍ഡോ തുറക്കുകയും അതിൽ മറുപടികളെല്ലാം ഒന്നിന് പിറകെ ഒന്നായി കാണുകയും ചെയ്യാം.
നിലവില്‍ വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചറുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ഈ ഫീച്ചര്‍ പരിമിതമായ എണ്ണം ബീറ്റാ ഉപഭോക്താക്കള്‍ക്കാണ് ഇപ്പോള്‍ ലഭിക്കുക. എന്നാല്‍ വരും മാസങ്ങളില്‍ ഇത് എല്ലാവര്‍ക്കുമായി എത്തിച്ചേക്കും.