ഡ്രൈവിങ് ലൈസന്‍സ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം; ഇനി 18 ഉത്തരങ്ങള്‍ ശരിയാകണം, ഉദ്യോഗസ്ഥനും പരീക്ഷ

തിരുവനന്തപുരം : കേരളത്തിലെ ഡ്രൈവിങ് ലൈസന്‍സിന്റെ മൂല്യം ഉയര്‍ത്തുന്നതിനായി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സംസ്ഥാനത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ലൈസന്‍സ് ടെസ്റ്റുകള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. ഇതിനു പിന്നാലെ ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയിലും പിടിമുറുക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ലേണേഴ്‌സ് പരീക്ഷയിലെ ചോദ്യങ്ങളുടെയും ശരിയാക്കേണ്ട ഉത്തരങ്ങളുടെയും എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണ്.

മുമ്പ് ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ 15 സെക്കന്റ് ആയിരുന്നു നല്‍കിയിരുന്നതെങ്കില്‍ പുതിയ സംവിധാനത്തില്‍ 30 സെക്കന്റ് ലഭിക്കും. എന്നാല്‍, പുതിയ പരിഷ്‌കാരം അനുസരിച്ച് നല്‍കിയിട്ടുള്ള 30 ചോദ്യങ്ങളില്‍ 18 എണ്ണത്തിന് ശരിയായ ഉത്തരം നല്‍കിയാല്‍ മാത്രമായിരിക്കും ലേണേഴ്‌സ് പരീക്ഷ ജയിച്ചതായി കണക്കാക്കൂ.

ചോദ്യോത്തരങ്ങള്‍ക്കൊപ്പം ലീഡ്‌സ് ആപ്പിള്‍ നല്‍കിയിട്ടുള്ള മോക്ക് ടെസ്റ്റില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്കായി റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റും മോട്ടോര്‍ വാഹന വകുപ്പ് അനുവദിക്കും. ഡ്രൈവിങ് പരിശീലിപ്പിക്കുന്നയാളുകള്‍, ലൈസന്‍സ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ നിര്‍ബന്ധമായും ഈ ടെസ്റ്റ് പാസാകണം.

 ഈ സര്‍ട്ടിഫിക്കറ്റ് നേടുന്നയാളുകള്‍ക്ക് ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രീ ഡ്രൈവിങ് ക്ലാസില്‍ പങ്കെടുക്കാതെ തന്നെ നേരിട്ട് റോഡ് ടെസ്റ്റിലും മറ്റും പങ്കെടുക്കാനാകും. 

എന്നാല്‍, മോട്ടോര്‍ വാഹന വകുപ്പിന്റെ ലീഡ്‌സ് എന്ന ആപ്ലിക്കേഷനില്‍ ഇനി മുതല്‍ ലേണേഴ്‌സ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍പ്പെടെയുള്ള സിലബസ് നല്‍കുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!