ന്യൂഡൽഹി : സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗിന്റെ ത്രിദിന ഇന്ത്യാ സന്ദർശനത്തിനു തുടക്കമായി. ഇന്നലെ ഡൽഹിയിലെത്തിയ വോംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ചർച്ച നടത്തും.
പ്രധാനമന്ത്രി എന്ന നിലയിൽ ലോറൻസ് വോംഗിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഭാര്യ ലീ സിയാൻ ലൂംഗ്, വിദേശകാര്യമന്ത്രി വിവിയൻ ബാലകൃഷ്ണൻ, ഗതാഗത-ധനകാര്യ മന്ത്രി ജെഫ്രി സിയോവ്, വിദേശകാര്യ-വ്യാപാര- വ്യവസായ സഹമന്ത്രി ഗാൻ സിയോവ് ഹുവാംഗ് എന്നിവരുൾപ്പെടെ ഉന്നതതല പ്രതിനിധിസംഘവും എത്തിയിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതു ലക്ഷ്യമിട്ട് അഞ്ചു കരാറുകളിൽ ഒപ്പുവയ്ക്കും. അമേരിക്കയുടെ അധികതീരുവ അടക്കമുള്ള വ്യാപാര, തീരുവ തടസങ്ങളുടെ പശ്ചാത്തലത്തിൽ ഭാവി പ്രതിരോധം ശക്തിപ്പെടുത്താനും യുദ്ധങ്ങൾ ഉൾപ്പെടെയുള്ള ഭൗമ-രാഷ്ട്രീയ വെല്ലുവിളികളെ നേരിടാനും ഇന്ത്യയും സിംഗപ്പൂരും കൈകോർക്കും.
സാന്പത്തിക സഹകരണം, നൈപുണ്യ പരിശീലനം, ഡിജിറ്റൈസേഷൻ, നൂതന ഉത്പാദനം, സുസ്ഥിരത, കണക്ടിവിറ്റി, ആരോഗ്യസംരക്ഷണം, വൈദ്യശാസ്ത്രം, ബഹിരാകാശം, പ്രതിരോധം, സുരക്ഷ എന്നിവയിലെ പരസ്പര സഹകരണവും ഗവേഷണവും വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾക്കു സിംഗപ്പൂർ പ്രധാനമന്ത്രിയുമായുള്ള ചർച്ചകളിൽ അന്തിമരൂപം നൽകും.
സിവിൽ ന്യൂക്ലിയർ മേഖലയിലെ ചെറിയ മോഡുലാർ റിയാക്ടറുകളുടെ സംയുക്ത വികസനത്തെക്കുറിച്ചും ഡൽഹിയിൽ ചർച്ചയുണ്ട്. മേഖലയിലും ആഗോളതലത്തിലും പരസ്പര താത്പര്യമുള്ള വിഷയങ്ങളിൽ സഹകരിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിമാർ ചർച്ച നടത്തും. സിംഗപ്പൂർ പ്രധാനമന്ത്രിയുടെ ബഹുമാനാർഥം രാഷ്ട്രപതി ദ്രൗപദി മുർമു പ്രത്യേക വിരുന്ന് ഒരുക്കും.