ഫയൽ അദാലത്ത്: തുടർനടപടികൾ
ജൂലായ് 1 മുതൽ ആഗസ്റ്റ് 31 വരെ നടത്തിയ ഫയൽ അദാലത്തിന്റെ തുടർച്ചയായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
- ഫയൽ അദാലത്തിന്റെ മൊത്തത്തിലുള്ള കണക്കുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്തിമ റിപ്പോർട്ട് ഫയൽ അദാലത്ത് പോർട്ടലിൽ എല്ലാ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്ന രീതിയിൽ പ്രസിദ്ധീകരിക്കും.
- ഫയൽ അദാലത്ത് പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തിയ സെക്രട്ടേറിയറ്റ്, വകുപ്പ്തലവൻമാരുടെ കാര്യാലയങ്ങൾ, പബ്ലിക് യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ ഫയൽ അദാലത്തിൻ്റെ സെക്ഷൻ/സീറ്റ് തിരിച്ചുള്ള കണക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് സെക്രട്ടേറിയറ്റിലെ ഓരോ വകുപ്പിലെയും, നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൻ്റെയും പ്രത്യേകം ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതാണ്. റിപ്പോർട്ടുകൾ എപ്രകാരം തയ്യാറാക്കണം എന്നത് സംബന്ധിച്ച വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറപ്പെടുവിക്കും.
- അദാലത്ത് നടപടികൾ അവസാനിക്കുന്നു എങ്കിലും തീർപ്പാക്കാൻ ശേഷിക്കുന്ന ഫയലുകളുടെ തീർപ്പാക്കൽ പുരോഗതി നിരീക്ഷിക്കുന്നതിനും റിവ്യൂ ചെയ്യുന്നതിനും ആയി അദാലത്ത് പോർട്ടൽ തുടരും.
- അദാലത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള ഓരോ വകുപ്പിന്റെയും സ്ഥാപനത്തിന്റെയും നോഡൽ ഓഫീസർമാർ ആ ചുമതലയിൽ തുടരേണ്ടതും ആ ഉദ്യോഗസ്ഥൻ മാറുന്ന മുറയ്ക്ക് പുതുതായി ചാർജ്ജ് എടുക്കുന്ന ഉദ്യോഗസ്ഥന് നോഡൽ ഓഫീസറുടെ ചുമതല നൽകേണ്ടതുമാണ്.
- എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും അദാലത്തിനു ശേഷം തീർപ്പാക്കാൻ അവശേഷിക്കുന്ന ഫയലുകൾ പരമാവധി തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
- ഫയലുകളുടെയും തപാലുകളുടെയും സമയബന്ധിതമായ പ്രോസസിംഗ് ഉറപ്പുവരുത്തുന്നതിനായി എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും പേഴ്സണൽ രജിസ്റ്ററുകളുടെ പരിശോധന മാനുവൽ പ്രകാരമുള്ള ഷെഡ്യൂൾ പ്രകാരം കൃത്യമായി നടത്തേണ്ടതാണ്.
- എല്ലാ നോഡൽ ഓഫീസർമാരും ഓരോ രണ്ടാഴ്ചയിലും അദാലത്ത് പോർട്ടലിലെ തീർപ്പാക്കൽ പുരോഗതി റിവ്യൂ ചെയ്യേണ്ടതും അതിന്റ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സെക്ഷനുകൾക്കും നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്.
- വകുപ്പ് അധ്യക്ഷൻമാരുടെ കാര്യാലയങ്ങളിലെയും/ സ്ഥാപനങ്ങളിലെയും അദാലത്ത് പോർട്ടലിലെ തീർപ്പാക്കൽ പുരോഗതി വകുപ്പ്/സ്ഥാപനമേധാവികൾ റിവ്യൂ ചെയ്യേണ്ടതാണ്.
- ഓരോ സെക്രട്ടേറിയറ്റ് വകുപ്പിന്റെയും വകുപ്പ് അധ്യക്ഷൻമാരുടെ കാര്യാലയങ്ങളിലെയും/സ്ഥാപനങ്ങളിലെയും അദാലത്ത് പോർട്ടലിലെ തീർപ്പാക്കൽ പുരോഗതി വകുപ്പ് സെക്രട്ടറിമാർ എല്ലാ മാസവും റിവ്യൂ ഓരോ സെക്രട്ടേറിയറ്റ് വകുപ്പിന്റെയും വകുപ്പ് അധ്യക്ഷൻമാരുടെ കാര്യാലയങ്ങളിലെയും/സ്ഥാപനങ്ങളിലെയും അദാലത്ത് പോർട്ടലിലെ തീർപ്പാക്കൽ പുരോഗതി വകുപ്പ് സെക്രട്ടറിമാർ എല്ലാ മാസവും റിവ്യൂ ചെയ്യേണ്ടതാണ്.
- ചീഫ് സെക്രട്ടറിയുടെ സെക്രട്ടറിമാരുമായുള്ള പ്രതിമാസ യോഗത്തിൽ അദാലത്ത് പോർട്ടലിലെ മൊത്തത്തിലുള്ള തീർപ്പാക്കൽ പുരോഗതി സ്ഥിരമായ അജണ്ടയായി ഉൾപ്പെടുത്തി റിവ്യൂ ചെയ്യേണ്ടതാണ്.
- 60 ശതമാനത്തിൽ താഴെ ഫയലുകൾ തീർപ്പാക്കിയ വകുപ്പുകളിൽ ഫയൽ തീർപ്പാക്കൽ ഊർജ്ജിതമായി തുടരേണ്ടതാണ്. മൂന്നു മാസങ്ങൾക്ക് ശേഷം അദാലത്ത് പോർട്ടലിലെ തീർപ്പാക്കൽ പുരോഗതി വകുപ്പുമന്ത്രി റിവ്യൂ ചെയ്യേണ്ടതാണ്.
- ഫയലുകളുടെയും തപാലുകളുടെയും കൃത്യമായ പ്രോസസിംഗ് ഉറപ്പുവരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുമായി അദാലത്ത് പോർട്ടൽ ഒരു സ്ഥിരം സംവിധാനമായി തുടരേണ്ടതാണ്.
- 2025 ജൂലൈ മാസം മുതലുള്ള ഫയലുകൾ കൂടി അദാലത്ത് പോർട്ടലിലേക്ക് ഉൾപ്പെടുത്തേണ്ടതായും ഫയലുകളുടെ പുരോഗതി കൂടി നിരീക്ഷിക്കേണ്ടതായും ഉണ്ട്. ഇതിനായുള്ള സംവിധാനങ്ങൾ പോർട്ടലിൽ ഏർപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുവാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനെ ചുമതലപ്പെടുത്തി.
- എൻ.ഐ. സി ഓരോ മാസവും 5-ാം തീയതിക്കു മുമ്പായി മുൻമാസത്തെ ഫയലുകളുടെ വിവരം പോർട്ടലിലേക്ക് കൈമാറണം. ഇക്കാര്യം ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉറപ്പാക്കണം.
- പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികളിലെയും നിവേദനങ്ങളിലെയും ആവശ്യങ്ങൾ പരിശോധിച്ച് അത് പരിഗണിക്കാൻ കഴിയുന്നതാണോ, പരിഗണിക്കാൻ കഴിയാത്തതാണോ, തീരുമാനമെടുക്കാൻ സമയം ആവശ്യമുള്ളവയാണോ എന്നുള്ള വിവരങ്ങൾ പരമാവധി മൂന്ന് മാസത്തിനുള്ളിൽ പരാതിക്കാരനെ അിറയിക്കേണ്ടതും അനാവശ്യമായ കാലതാമസങ്ങൾ ഒഴിവാക്കേണ്ടതുമാണ്.
- പെറ്റീഷനുകളിലും നിവേദനങ്ങളിലും വേഗത്തിൽ നടപടി സ്വീകരിക്കുന്നതിനും പെറ്റീഷന്റെ സ്റ്റാറ്റസ് അപേക്ഷകന് കൃത്യമായി മനസ്സിലാക്കുന്നതിനുമായി ഒരു പ്രത്യേക പോർട്ടൽ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം എെ.ടി വകുപ്പ് പരിശോധിക്കേണ്ടതാണ്.
സെക്രട്ടേറിയറ്റിലും വകുപ്പു മേധാവികളുടെ കാര്യാലയങ്ങളിലും യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങളിലും കുടിശ്ശികയുള്ള ഫയലുകൾ തീർപ്പാക്കാൻ നടത്തിയ ഫയൽ അദാലത്തിൽ 59 ശതമാനം ഫയലുകളാണ് തീർപ്പാക്കിയത്. സെക്രട്ടേറിയറ്റിൽ 3,05,555 ഫയലുകളാണ് തീർപ്പാക്കാനുണ്ടായിരുന്നത്. ഇതിൽ 1,58,336 ഫയലുകൾ തീർപ്പാക്കി (52 ശതമാനം).
വകുപ്പു മേധാവികളുടെ കാര്യാലയങ്ങളിലും യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങളിലും യഥാക്രമം 60 ശതമാനം, 79 ശതമാനം പുരോഗതി കൈവരിച്ചു.
പുതുക്കിയ ഭരണാനുമതി
സ്പോർട്സ് കേരള ഫൗണ്ടേഷനെ എസ് പി വി ആയി ഉൾപ്പെടുത്തി കിഫ്ബി ഫണ്ട് ഉപയോഗിച്ച് സൂസൻ മേബിൾ തോമസ് ഇൻഡോർ സ്റ്റേഡിയം & സ്പോർട്സ് കോംപ്ലക്സ്, മട്ടന്നൂർ നീന്തൽക്കുളം എന്നിവയുടെ നിർമ്മാണത്തിന് പുതുക്കിയ ഭരണാനുമതി നൽകി.
- കേരള സർക്കാരിന്റെയും സാഹിത്യപ്രവർത്തക സഹകരണ

സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടയം നാട്ടകത്ത് പ്രവർത്തിക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ 2, 3, 4 ഘട്ടങ്ങൾ 14,98,36,258 രൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നതിന് ഭരണാനുമതി നൽകി.
ശമ്പളപരിഷ്ക്കരണം
കേരള സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷനിലെ ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്ക്കരണ ആനുകുല്യങ്ങൾ 01.09.2022 പ്രാബല്യത്തിൽ അനുവദിക്കും.
സ്റ്റേറ്റ് ഫാർമിംഗ് കോർപ്പറേഷൻ ഒാഫ് കേരള ലിമിറ്റഡിലെ ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്ക്കരണം 2019 ജൂലായ് 01 മുതൽ പ്രാബല്യത്തോടെ നടപ്പാക്കാൻ അനുമതി നൽകി.
ടെണ്ടർ അംഗീകരിച്ചു
തിരുവനന്തപുരം ജില്ലയിലെ വാമനപുരം – ചിറ്റാർ റോഡ് പുനരുദ്ധാരണ പ്രവൃത്തിക്ക് 15,02,16,738 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
KIIFB-WSS to Trikkakara – Replacing existing major distribution line of 250 mm AC pipe with 300mm of DI(K9) pipe from Navodaya Jn. to Vikasavani – Supplying, laying, testing and commissioning of 300mm DI(K9) pipe (1750m) and 160mm PVC (6kg/cm2) pipe and all other associated works എന്ന പ്രവൃത്തിക്ക് 1,83,69,718.55 രൂപയുടെ ബിഡ് വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കാൻ കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർക്ക് അനുമതി നൽകി