മലപ്പുറം : വേങ്ങരയില്‍ സ്കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച് പോലീസ് പിടികൂടിയത്.
ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്കൂട്ടറിന്റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്.ചാക്കിന് പുറമെ സ്കൂട്ടറിന്റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്റെയും 200ന്റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.