ഉത്തരാഖണ്ഡ് : കേദാർനാഥ് ദേശീയ പാതയിൽ ഇന്ന് രാവിലെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. ആറ് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. സോൻപ്രയാഗിനും ഗൗരികുണ്ഡിനും ഇടയിലുള്ള മുൻകതിയയ്ക്ക് സമീപം രാവിലെ 7:34 നാണ് സംഭവം. മുൻകതിയയിലെ കുന്നിൻ ചെരുവിൽ നിന്ന് പാറകളും പാറക്കല്ലുകളും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ റോഡിലൂടെ കടന്നുപോയ ഒരു വാഹനത്തിൽ ഇടിക്കുകയുണ്ടായി. രണ്ട് യാത്രക്കാർ തൽക്ഷണം മരിച്ചു.വാഹനത്തിലുണ്ടായിരുന്ന മറ്റ് ആറ് യാത്രക്കാർക്ക് പരുക്കേറ്റു. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ഉടൻ തന്നെ സോൻപ്രയാഗിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ ഉന്നത മെഡിക്കൽ സെന്ററിലേക്ക് മാറ്റി.
ഉത്തരകാശി ജില്ലയിലെ ബാർകോട്ട് സ്വദേശികളായ റീത്ത (30), ചന്ദ്ര സിംഗ് (68) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉത്തരകാശി ജില്ലയിലെ താമസക്കാരായ മോഹിത് ചൗഹാൻ, നവീൻ സിംഗ് റാവത്ത്, പ്രതിഭ, മമത, രാജേശ്വരി, പങ്കജ് എന്നിവർക്കാണ് പരുക്കേറ്റത്.