തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് 7000 രൂപ ബോണസ് ഇന്ന് വിതരണം ചെയ്യും. ആഗസ്റ്റിലെ ശമ്പളം ഇന്നലെ രാത്രിയോടെ നല്കി. ശമ്പളം അകൗണ്ടിലെത്തിയെന്നും ഫെസ്റ്റിവൽ അലവൻസും ബോണസും നാളെ വിതരണം ചെയ്യുമെന്നുമാണ് മന്ത്രി പറഞ്ഞത്. ബോണസിനോടൊപ്പം ഉത്സവബത്തയും ഇന്ന് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ ബോണസ് പ്രഖ്യാപനം ഭൂരിഭാഗം ജീവനക്കാര്‍ക്കും പ്രയോജനപ്പെടില്ല.ആശ്രിതനിയമനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കരാർ വ്യവസ്ഥയിലാണ്. എത്രപേര്‍ക്ക് ബോണസ് ലഭിക്കുമെന്നത് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല. നിലവിലെ നിബന്ധനപ്രകാരം 24,000 വരെ രൂപ ശമ്പളം വാങ്ങുന്നവര്‍ക്കാണ് ബോണസിന് അര്‍ഹത. സ്ഥിരം ജീവനക്കാരെല്ലാം 35,000ത്തിനുമേല്‍ ശമ്പളം വാങ്ങുന്നവരാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കകാലത്തിനുശേഷം ഇപ്പോഴാണ് കെ.എസ്.ആർ.ടി.സിയില്‍ ബോണസ് നല്‍കുന്നത്.
ഒന്‍പതുവര്‍ഷമായി പുതിയ നിയമനം നടക്കാത്തതിനാല്‍ എന്‍ട്രി കേഡര്‍ തസ്തികയില്‍ പുതിയ ജീവനക്കാരില്ല. ദീര്‍ഘകാല അവധിക്കുശേഷം അടുത്തിടെ ജോലിയില്‍ പ്രവേശിച്ചവരായിരിക്കും ബോണസ് പരിധിക്കുള്ളില്‍ വരാനിടയുള്ളത്.