റാന്നി : അരയാഞ്ഞിലിമൺ – കുരുമ്പൻമൂഴി എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന ഇരുമ്പ് പാലങ്ങളുടെ നിർമ്മാണദ്ഘാടനം സെപ്റ്റംബർ 11ന് നടക്കുമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. കുരുമ്പൻമൂഴി പാലത്തിന് 3.97കോടി രൂപയും അരയാഞ്ഞിലിമൺ പാലത്തി 2.68 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. പമ്പാ നദിക്ക് കുറുകെയുള്ള ഉയരം കുറഞ്ഞ അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി കോസ് വേകളിൽ മഴക്കാലത്ത് മിക്കപ്പോഴും വെള്ളം കയറുകയും പ്രദേശവാസികൾ ഒറ്റപ്പെട്ടു പോവുകയും ചെയ്യുന്നത് പതിവായിരുന്നു. മൂന്നുവശങ്ങൾ വനത്താലും മറുവശ്യ പമ്പാനദിയാലും ചുറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശങ്ങളിലേക്കുള്ള ഏക യാത്രാ മാർഗം കോസ് വേകളായിരുന്നു. അരയാഞ്ഞിലിമണ്ണിൽ നാനൂറോളം കുടുംബങ്ങളാണ് വെള്ളപ്പൊക്ക കാലത്ത് മറുകരയിലെത്താനാവാതെ ഒറ്റപ്പെട്ട് കിടക്കുന്നത്. നേരത്തെ വെള്ളം ഉയരുന്ന സാഹചര്യങ്ങളിൽ ഇവിടെ ഉണ്ടായിരുന്ന ഇരുമ്പുപാലമായിരുന്നു മറുകരയിൽ എത്താനുള്ള ഏക ആശ്രയം. 2018ലെ പ്രളയത്തിൽ ഈ പാലം ഒലിച്ചു പോയ ശേഷം ഇവരുടെ ദുരിതം വർദ്ധിച്ചു. വെള്ളപ്പൊക്ക സമയത്ത് രോഗികൾ ഉൾപ്പെടെയുള്ളവരെ മറുകരയിലെത്തിക്കാൻ ഫയർഫോഴ്‌സ് എത്തണമായിരുന്നു. ചിലപ്പോൾ ദിവസങ്ങളോളം ഈ ദുരിതം തുടരും. കോസ് വേയിൽ നിന്ന് വെള്ളം ഇറങ്ങിയാൽ മാത്രമെ നടന്നോ വാഹനത്തിലോ മറുകരയിലെത്താനാവൂ. കുരുമ്പൻമൂഴിയിലും ഇതുതന്നെയായിരുന്നു സ്ഥിതി. എന്നാൽ രണ്ട് വർഷം മുമ്പ് പെരുന്തേനരുവി ഡാം ഭാഗത്തേക്ക് വനത്തിൽ കൂടിയുള്ള ചണ്ണ കുരുമ്പൻ മൂഴി റോഡ് മുഖ്യമന്ത്രിയുടെ റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി സഞ്ചായ യോഗ്യമാക്കിയതോടെ അല്പം ചുറ്റിയാലും മറുകരയിലെത്താനാവും. എന്നാൽ സന്ധ്യ കഴിഞ്ഞാൽ വനത്തിൽ കൂടിയുള്ള യാത്ര വന്യമൃഗ ശല്യമുള്ളതിനാൽ സുരക്ഷിതമയിരുന്നില്ല.