റോഡ് നിർമ്മാണത്തിന്  റീക്ലെയ്മ്ഡ് അസാൾട്ട് പേവ്‌മെന്റ്  (RAP) സാങ്കേതികവിദ്യ പരീക്ഷിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് റോഡ് നിർമ്മാണ മേഖലയിൽ  റീക്ലെയ്മ്ഡ് അസാൾട്ട് പേവ്‌മെന്റ്  (RAP) സാങ്കേതികവിദ്യ പരീക്ഷിക്കുവാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. റോഡിന്റെ ഉപരിതലം പൊളിച്ചു മാറ്റി പുനരുപയോഗം ചെയ്ത് പുതിയ ഉപരിതലം നിർമ്മിക്കുന്ന സാങ്കേതിക വിദ്യയാണ് റീക്ലെയ്മ്ഡ് അസാൾട്ട് പേവ്‌മെന്റ്  (RAP). പരീക്ഷണ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ കിള്ളിപ്പാലം – പ്രാവച്ചമ്പലം റോഡിലാണ് ഈ പ്രവൃത്തി നടത്തുന്നതിന് ഉദ്ദേശിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത് .  മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ധർ ,പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർമാർ, കെ.എച്ച്.ആർ.ഐ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാനത്ത്  റോഡ് നവീകരണത്തിന് പുതിയ സാങ്കേതികവിദ്യകൾ സാധ്യമാകുന്നത് കൊണ്ടുവരുവാൻ പരമാവധി ശ്രമിക്കുമെന്നത് പൊതുമരാമത്ത് വകുപ്പ് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഇത് സംബന്ധിച്ച നിരവധി ഗവേഷണങ്ങൾ PWDക്ക് കീഴിലുള്ള കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടന്നുവരികയും ചെയ്യുന്നുണ്ട്.ഇതിന്റെ ഭാഗമായി കെ എച്ച് ആർ ഐ,  മദ്രാസ് ഐ ഐ ടിയുമായി ചേർന്ന് നടത്തിയ  പഠനത്തിൽ   റീക്ലെയ്മ്ഡ് അസാൾട്ട് പേവ്‌മെന്റ്  (RAP) സാങ്കേതികവിദ്യ സംബന്ധിച്ച പഠനങ്ങളും നടത്തി. ഈ പഠനങ്ങളെ തുടർന്നാണ് കേരളത്തിലും പദ്ധതി അനുയോജ്യമാകുമെന്ന നിഗമനത്തിൽ എത്തിയത്.

നിർമ്മാണ വസ്തുക്കളുടെ പുനരുപയോഗം വർധിപ്പിക്കുന്ന പദ്ധതിയാണ് ഇത്. അസംസ്‌കൃത വസ്തുക്കളുടെ ഉപഭോഗം കുറക്കാൻ ഇതിലൂടെ സാധിക്കും. അതോടൊപ്പം പാരിസ്ഥിതിക പ്രശ്‌നങ്ങളും താരതമ്യേന കുറവാണ്. അധിക സാമ്പത്തിക ബാധ്യതകളില്ലാതെ ദീർഘകാലം ഈട് നിൽക്കുന്ന റോഡുകൾ ഇതിലൂടെ നിർമ്മിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

6 thoughts on “റോഡ് നിർമ്മാണത്തിന്  റീക്ലെയ്മ്ഡ് അസാൾട്ട് പേവ്‌മെന്റ്  (RAP) സാങ്കേതികവിദ്യ പരീക്ഷിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!